നവജ്യോത് സിദ്ദു രാജ്യസഭാംഗം രാജിവെച്ചു; ബിജെപിയോട് വിടപറഞ്ഞു; ആംആദ്മിയിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: മുന്‍ ക്രിക്ക്റ്റ് താരമായ നവജോത് സിങ് സിദ്ദു ബിജെപിയോട് വിടപറഞ്ഞു. രാജ്യസഭാംഗത്വം രാജിവെച്ചു. ബിജെപി വിട്ട് ആം ആദ്മി പാര്‍ട്ടില്‍ ചേരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കഴിഞ്ഞ ഏപ്രിലിലാണ് സിദ്ദുവിനെ രാജ്യസഭയിലേക്ക് കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വിട്ട് ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സിദ്ദു ആം ആദ്മി പാര്‍ട്ടിയിലേക്ക് കൂടുമാറിയേക്കുമെന്ന് നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സാധൂകരിക്കുന്ന നീക്കമാണ് രാജ്യസഭാംഗത്വം രാജിവെച്ചതിലൂടെ നടത്തിയതെന്നാണ് സൂചന.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമൃത്സര്‍ സീറ്റിനെ ചൊല്ലിയാണ് സിദ്ദു ബിജെപിയില്‍ നിന്നും ഇടഞ്ഞത്. പത്ത് വര്‍ഷമായി തന്റെ സിറ്റിങ് സീറ്റായിരുന്ന അമൃത്സര്‍ അരുണ്‍ ജയ്റ്റ്‌ലിക്ക് നല്‍കിയതാണ് ഇടയാന്‍ കാരണം. തെരഞ്ഞെടുപ്പില്‍ ജയ്റ്റ്‌ലി കോണ്‍ഗ്രസിനോട് തോല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഏപ്രിലില്‍ സിദ്ദുവിനെ കേന്ദ്രം രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. പഞ്ചാബ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിദ്ദുവിന്റെ രാജി ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. അദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.

© 2025 Live Kerala News. All Rights Reserved.