വിഎം സുധീരനെ കെപിസിസി അധ്യക്ഷന്‍ സ്ഥാനത്ത് നിന്ന് നീക്കും; തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വവും സുധീരന്റെ തലയില്‍; നേതൃമാറ്റം ഉടനെയുണ്ടാകുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം തലയില്‍വച്ച് കെട്ടി കെപിസിസി അധ്യക്ഷന്‍ വി എം സുധീരനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ അണിയറനീക്കം. സംഭവം ശരിയാണെന്ന് സൂചന നല്‍കി മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തുവന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും വി.എം സുധീരനെ മാറ്റുന്ന കാര്യം ഹൈക്കമാന്‍ഡ് പരിശോധിച്ചുവരിയാണ്. തീരുമാനം വൈകില്ല.കെപിസിസി പ്രസിഡന്റെന്ന നിലയില്‍ പാര്‍ട്ടി ഏകോപനത്തില്‍ അദ്ദേഹം പരാജയമാണ്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനുളള ഉത്തരവാദിത്വം അദ്ദേഹം നിര്‍വഹിക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍, സ്ഥാനാര്‍ത്ഥിത്വ നിര്‍ണയത്തില്‍ ഇങ്ങനെ സുധീരന്റെ പലവിധ ഇടപെടലുകള്‍ മൂലമാണ് കനത്ത പരാജയത്തിലേക്ക് കോണ്‍ഗ്രസും യുഡിഎഫും വീണതെന്നതിന്റെ ഉത്തരവാദിത്വം സുധീരന്റെ മാത്രം തലയില്‍ ചാര്‍ത്തുകയാണെന്ന് ഒരുവിഭാഗം പറയുന്നു. കോണ്‍ഗ്രസ് നേതാക്കളായ കെ.സുധാകരന്‍, കെ. ബാബു, അടൂര്‍ പ്രകാശ് എന്നിവര്‍ സുധീരനെതിരെ പരസ്യമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഗ്രൂപ്പ് വഴക്കും നേതൃമാറ്റമെന്ന ആവശ്യവും ശക്തമായതോടെ ഹൈക്കമാന്‍ഡ് ഇടപെട്ട് കഴിഞ്ഞ ആഴ്ച നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വിഎം സുധീരനെ മാറ്റുന്ന കാര്യം തിരുവഞ്ചൂരും സ്ഥിരീകരിച്ചത്.

© 2025 Live Kerala News. All Rights Reserved.