പ്രത്യേക ലേഖകന്‍
കണ്ണൂര്‍: ഈ മാസം 11നാണ് സിപിഎം പ്രവര്‍ത്തകനായ പയ്യന്നൂര്‍ കുന്നരു കാരന്താട്ടെ പരേതനായ മന്ദ്യത്ത് കൃഷ്ണന്‍-തൂളേരി വീട്ടില്‍ മാധവി ദമ്പതികളുടെ മകന്‍ സി. വി. ധനരാജനെ ആര്‍എസ്എസ് വധിക്കുന്നത്. മണിക്കൂറുകള്‍ക്കകം തന്നെ ബിജെപി-ബിഎംസ് പ്രവര്‍ത്തകനായ ഓട്ടോ തൊഴിലാളിയായ പി കെ രാമചന്ദ്രനെ വീട്ടില്‍ക്കയറി ഒരു സംഘം വെട്ടിക്കൊല്ലുന്നത്. ധനരാജിന്റെ കൊലയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ബിജുവാണെന്ന് സിപിഎം നേതൃത്വത്തിന് വ്യക്തമായതോടെ ഇയാളെ വധിക്കാനായിരുന്നു യഥാര്‍ഥത്തില്‍ കണ്ണൂരില്‍ നിന്ന് കൊലയാളി സംഘം പയ്യന്നൂര്‍ക്ക് പുറപ്പെട്ടത്. ബിജുവിന്റെ നാട്ടുകാരനായ പി കെ രാമചന്ദ്രന്‍ വധിക്കപ്പെടുന്നത് അങ്ങനെയാണ്. പൊതുവെ ശാന്തസ്വഭാവക്കാരനായ രാമചന്ദ്രനെ വധിച്ചതില്‍ സിപിഎമ്മില്‍ത്തന്നെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. പയ്യന്നൂര്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് പ്രവര്‍ത്തനം ഊര്‍ജ്ജിതമായിരുന്നു. ഇത് പ്രതിരോധിക്കാന്‍ സിപിഎമ്മും രംഗത്തിറങ്ങിയപ്പോള്‍ സംഘര്‍ഷം പതിവായിരുന്നു. സിപിഎം വിട്ട് ആര്‍എസ്എസിലേക്ക് പോയ പലരും തിരിച്ച് മാതൃസംഘടനയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് നേതൃത്വം നല്‍കിയ ധനരാജ് കൊല്ലപ്പെടുന്നത്. തുടര്‍ന്നാണ് ബിജുവിനെ വധിക്കാനെത്തിയ സംഘം ആളുമാറി പി കെ രാമചന്ദ്രനെ വെട്ടിക്കൊല്ലുന്നത്.