വരണാസി: വിശ്വാസത്തിന്റെ പേരിലാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യക്കുരുതി നടക്കുന്നത്. വിശ്വാസത്തിന്റെപേരില്‍ മലീമസമായ ഗംഗയിലെ ജലം പോസ്റ്റല്‍ വഴി വീടുകളിലെത്തിക്കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തിരിക്കുന്നു. പ്രതിവര്‍ഷം 3000ത്തോളം മൃതദേഹങ്ങള്‍ തള്ളുന്ന ഗംഗയിലെ കോളിഫോം ബാക്ടീരിയയുടെ അളവ് എത്രയെന്ന് ഊഹിക്കാവുന്നതാണ്. ഇന്ത്യയിലെ ഏറ്റവും മലിനമായ നദികളില്‍ ഒന്നാണ് ഗംഗാനദി. ഈയിടെ നടന്ന പഠനത്തില്‍ ഗംഗയിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീയമായതിന്റെ 30 മടങ്ങാണെന്ന് ഉത്തര്‍പ്രദേശ് മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 100 മില്ലി വെള്ളത്തില്‍ 28,000 മുതല്‍ 32,000 വരെ കോളിഫോം ബാക്ടീരിയയെയാണ് കണ്ടെത്തിയത്. കുളിക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ പരമാവധി 500 ആണ് അനുവദനീയമായ അളവ്. ഓടയിലെ മലിനജലത്തിന് തുല്യമാണ് ഗംഗയിലെ ജലമെന്നാണ് പരിശോധനാഫലങ്ങള്‍ തെളിയിക്കുന്നത്. ദശാശ്വമേധഘട്ടിലെ ജലത്തിലെ മാലിന്യവും സൂക്ഷ്മജീവികളും കാണാന്‍ മൈക്രോസ്‌കോപ്പിന്റെ പോലും ആവശ്യമില്ലാത്ത തരത്തിലാണ് മലിനീകരണത്തിന്റെ തോത്. വാരാണസിയിലാണ് ഇത്രയും മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നത്. ഇതൊക്കെ ഗംഗയെ കാലങ്ങളായി മലിനമാക്കി കൊണ്ടിരിക്കുന്നു ഗംഗാനദിയിലെ മലിനീകരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിനും നാഷണല്‍ ഗ്രീന്‍ ട്രൈബൂണലിന്റെ രൂക്ഷ വിമര്‍ശനം നേരിടെണ്ടിവന്നിരുന്നു.
ഗംഗയില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് നാഷണല്‍ ട്രൈബൂണല്‍ ഉത്തരവിട്ടിരുന്നു.നദിയില്‍ മൃതദേഹം ഉപേക്ഷിക്കുന്നത് സുപ്രീംകോടതി നേരത്തെ നിരോധിച്ചിരുന്നു. ഏതു മതത്തില്‍പ്പെട്ട ആളുകളും മൃതദേഹം ഉപേക്ഷിക്കരുതെന്നായിരുന്നു നിര്‍ദ്ദേശമെങ്കിലും പിന്നീടും മൃതദേഹം ഉപേക്ഷിക്കുന്നത് തുടര്‍ന്നുവരികയാണ്. നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നതിന്റെ ചിത്രങ്ങള്‍ എന്‍ജിടിയില്‍ നടന്ന വാദത്തിനിടെ ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചിരുന്നു. വാരാണസിയിലെ ഹിന്ദുക്കള്‍ ശിശുക്കളുടെയും, പ്രായപൂര്‍ത്തിയാകാത്തവരുടെയും, പാമ്പുകടിയേറ്റു മരിച്ചവരുടെയും മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കവിടുകയാണ് പതിവ്. കൂടാതെ സംസ്‌കാര ചടങ്ങകള്‍ നടത്താന്‍ പണമില്ലാത്തവരും മൃതദേഹം നദിയില്‍ ഒഴുക്കുന്നു. മൃതദേഹങ്ങള്‍ ഒഴുക്കുന്നതിനാല്‍ അങ്ങേയറ്റം മലിനമാണ് ഗംഗാനദി. ഗംഗാനദി ശുചിയാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. ഇങ്ങനെയിരിക്കുന്ന ഗംഗ ശുചീകരിക്കേണ്ടതിന് പകരമാണിപ്പോള്‍ മലീമസമായ ജലം വില്‍പ്പനയ്‌ക്കൊരുങ്ങുന്നത്.