തുര്‍ക്കിയില്‍ പട്ടാള അട്ടിമറി; ഭരണം പിടിച്ചതായി വിമതസൈന്യം; 90 പേര്‍ കൊല്ലപ്പെട്ടു; സ്ഥിതി നിയന്ത്രണവിധേയമെന്ന് പ്രധാനമന്ത്രി

അങ്കാറ: തുര്‍ക്കിയില്‍ ഭരണം പിടിക്കാന്‍ ഒരു വിഭാഗം സൈനികരുടെ പട്ടാള അട്ടിമറി ശ്രമം. ഭരണം പിടിച്ചതായി അട്ടിമറി നടത്തിയ വിമത സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഇത് നിഷേധിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് പ്രധാനമന്ത്രി ബിനാലി ഇല്‍ദിറിം അറിയിച്ചു. രാജ്യത്ത് നിന്ന് പുറത്താക്കിയ ഗുലന്‍ എന്ന പുരോഹിതനാണ് അട്ടിമറി ശ്രമത്തിന് പിന്നില്‍. വിമത സൈനികര്‍ നടത്തിയ ആക്രമണത്തില്‍ 17 പൊലീസുദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 90 പേര്‍ കൊല്ലപ്പെട്ടു. അങ്കാറയുടെ പ്രാന്തപ്രദേശത്ത് പൊലീസ് ആസ്ഥാനത്തിനു നേരെ നടന്ന ഹെലികോപ്ടര്‍ ആക്രമണത്തിലാണ് ഉദ്യോഗസ്ഥര്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഒരു വിഭാഗം സൈനികര്‍ ദേശീയ ഇന്റലിജന്റ്സ് ആസ്ഥാനം പിടിച്ചെടുക്കുകയും രാജ്യത്ത് പട്ടാള ഭരണം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തതത്. ഈസ്താംബുളില്‍ പ്രക്ഷോഭവവുമായി തെരുവിലിറങ്ങിയവര്‍ക്കു നേരെ സുരക്ഷാസേന വെടിയുതിര്‍ത്തു. തുര്‍ക്കിയില്‍ പട്ടാള നിയമം നടപ്പാക്കിയതായും കര്‍ഫ്യൂ പ്രഖ്യാപിച്ചതായും ടെലിവിഷനിലുടെ നടത്തിയ പ്രസ്താവനയില്‍ പീസ് കൗണ്‍സില്‍ അറിയിക്കുകയായിരുന്നു. പ്രസിഡണ്ട് ഉര്‍ദുഗാന്‍ അവധിക്കാല കേന്ദ്രത്തില്‍ വിശ്രമത്തിലായിരുന്നു. അട്ടിമറി ശ്രമം പരാജയപ്പെടുത്തിയതായും നാഷണല്‍ ഇന്റലിജന്റ്സ് സര്‍വ്വീസ് ആസ്ഥാനം പിടിച്ചെടുക്കാന്‍ ശ്രമിച്ച സൈനികരെ കസ്റ്റഡിയിലെടുത്തതായും ഔദ്യോഗിക വക്താവ് അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.