ധാക്കയിലെ റസ്‌റ്റോറന്റ് ഭീരാക്രമണത്തിന്റെ സൂത്രധാരന്‍ പശ്ചിമബംഗാളില്‍; അന്വേഷണം ഊര്‍ജ്ജിതം; ജമാഅത്തുള്‍ മുജാഹിദീന്‍ ബംഗ്ലാദേശ്, ഹിസ്ബ് ഉത് താഹിര്‍, അന്‍സറുള്ള ബംഗ്ലാ സംയുക്തമായാണ് ഭീകരാക്രമണം നടത്തിയത്

ധാക്ക: ധാക്കയിലെ റെസ്റ്റൊറന്റില്‍ ഭീകരാക്രമണം നടത്തിയതിന്റെ സൂത്രധാരന്‍ പശ്ചിമ ബംഗാളില്‍ കഴിയുന്നതായി ബംഗ്ലാദേശിലെ അന്വേഷണ സംഘം. ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായും സംഘം പറയുന്നു. ആക്രമണം ആസൂത്രണം ചെയ്ത ശേഷം ഇയാള്‍ ബംഗ്ലാദേശ് വിട്ടതായാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇയാളുടെ പേര് വെല്‍പ്പെടുത്താന്‍ സംഘം തയ്യാറായിട്ടില്ല. പ്രാദേശിക തീവ്രവാദ സംഘടനയായ ജമാഅത്തുള്‍ മുജാഹിദീന്‍ ബംഗ്ലാദേശ്, ഹിസ്ബ് ഉത് താഹിര്‍, അന്‍സറുള്ള ബംഗ്ലാ ടീം എന്നിവര്‍ സംയുക്തമായാണ് ആക്രമണം നടത്തിയതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവയെല്ലാം നിരോധിത സംഘടനകളാണ്. അക്രമത്തില്‍ പങ്കെടുത്തവരെല്ലാം വിദ്യാസമ്പന്നരായ യുവാക്കളാണ്.
ഈ മാസം ഒന്നിന്് ധാക്കയിലെ തന്ത്രപ്രധാനമായ ആര്‍ട്ടിസാന്‍സ് റെസ്‌റ്റൊറന്റില്‍ ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരി ഉള്‍പ്പെടെ 22 വിദേശികള്‍ കൊല്ലപ്പെട്ടിരുന്നു. തോക്കുധാരികളായ ഒരു സംഘം റെസ്‌റ്റൊറന്റിലേക്ക് ഇരച്ചുകയറി വെടിയുതിര്‍ക്കുകയും അവിടെ ഉണ്ടായിരുന്നവരെ ബന്ദികളാക്കുകയും ആയിരുന്നു. ബന്ദികളാക്കിയ ശേഷമാണ് വിദേശികളെ വധിച്ചത്. ഖുര്‍ ആന്‍ സൂക്തങ്ങള്‍ ചൊല്ലാന്‍ പറയുകയും അതറിയാത്തവരെ കൊല്ലുകയുമാണ് ചെയ്തത്. ഇന്ത്യക്കാരിയെ ഉള്‍പ്പെടെ കൊലപ്പെടുത്തിയ ഭീകരനാണിപ്പോള്‍ ഇന്ത്യയില്‍ത്തന്നെ ഒളിവില്‍ കഴിയുന്നത്.

© 2025 Live Kerala News. All Rights Reserved.