മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി ഒന്നാംപ്രതി; അഞ്ച് പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍; എസ്എന്‍ഡിപി പ്രതിരോധത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ ഏറെ ചര്‍ച്ചകളും ആരോപണപ്രത്യാരോപണങ്ങളും ഉയര്‍ന്ന മൈക്രോഫിനാന്‍സ് തട്ടിപ്പുകേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു. വെള്ളാപ്പള്ളിയെ ഒന്നാംപ്രതിയാക്കി വിജിലന്‍സാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. കേസില്‍ വെള്ളാപ്പള്ളിയുള്‍പ്പെടെ അഞ്ചു പ്രതികളാണുള്ളത്. കെ.കെ..മഹേശന്‍, നജീബ്, ഡോ.എം.എന്‍.സോമന്‍, ദിലീപ് എന്നിവരാണ് മറ്റു പ്രതികള്‍. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. എസ്എന്‍ഡിപി യോഗത്തിനു കീഴിലെ സ്വാശ്രയസംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടിരൂപയില്‍ വ്യാപക ക്രമക്കേട് നടന്നെന്നാണ് കേസ്. 2003 മുതല്‍ 2015വരെയുള്ള കാലയളവിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്. പിന്നാക്ക വികസന കോര്‍പറേഷന്റെ നിബന്ധനപ്രകാരം അഞ്ചു ശതമാനം പലിശക്ക് സംഘങ്ങള്‍ നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം പലിശക്ക് വിതരണം ചെയ്തതായി കോടതി കണ്ടത്തെിയിരുന്നു. ഗുണഭോക്താക്കളെന്ന പേരില്‍ പലരുടെയും വ്യാജരേഖകളുണ്ടാക്കി പണംതട്ടി തുടങ്ങിയ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി കോടതി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളി നടേശനും കൂട്ടര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. എസ്എന്‍ഡിപിയെ പ്രതിരോധത്തിലാക്കുന്നതാണ് വെള്ളാപ്പള്ളിക്കെതിരെയുള്ള കേസ്.

© 2025 Live Kerala News. All Rights Reserved.