തിരുവനന്തപുരം: വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകളില്‍ മാത്രമെ താന്‍ ഇനി അഭിനയിക്കുകയുള്ളൂയെന്ന് മോഹന്‍ലാല്‍. പലരുടെയും താത്പര്യത്തിന് വിധേയനായി മുന്‍പ് സിനിമകള്‍ ചെയ്തിരുന്നെന്നും എന്നാല്‍ ഇനി അങ്ങനെ ഉണ്ടാവില്ലെന്നും താരം പറഞ്ഞു. സ്വന്തം താത്പര്യത്തിനാണ് താനിപ്പോള്‍ സിനിമ ചെയ്യുന്നതെന്നും മോഹന്‍ലാല്‍ ഗൃഹലക്ഷ്മിക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. സിനിമയെ വളരെ സീരിയസായി കാണുന്നവരെയാണ് നമുക്ക് വേണ്ടത്. അത്തരം ആള്‍ക്കാര്‍ക്ക് ഞാന്‍ അവസരങ്ങള്‍ നല്‍കാതിരുന്നിട്ടില്ല. പുതിയ സംവിധായകരായ നിരവധി പേര്‍ക്കൊപ്പം ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്.
വൈശാഖ്,ജിബുജേക്കബ്,ജീത്തു ജോസഫ്അങ്ങനെ പ്രതീക്ഷയുളളവര്‍ക്കെല്ലാം ഞാന്‍ ഡേറ്റ് നല്‍കിയിട്ടുണ്ട്. അതേസമയം പ്രിയദര്‍ശന്‍,ജോഷി,സത്യന്‍ അന്തിക്കാട്, രഞ്ജിത് തുടങ്ങിയവരുടെ സിനിമകളിലും അഭിനയിക്കുന്നുമുണ്ട്. ഒരു സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറെന്ന പരിചയവുമായി വരുന്നവര്‍ക്ക് ഡേറ്റ് നല്‍കാനാവുമോ എന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ ചോദിക്കുന്നു. തന്റെ മകനായതുകൊണ്ട് മാത്രം പ്രണവ് അഭിനയിക്കണമെന്നില്ലെന്നും മകനായാലും മകളായാലും തന്റെ ഇഷ്ടങ്ങളൊന്നും തന്നെ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാറില്ലെന്നും മോഹന്‍ ലാല്‍ പറയുന്നു. നാളെ സിനിമയില്‍ അഭിനയിക്കാന്‍ പ്രണവിന് ആഗ്രഹമുണ്ടെങ്കില്‍ അയാള്‍ തീര്‍ച്ചയായും വന്നിരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.