വോട്ടുചെയ്തവര്‍ക്ക് ഫെയ്‌സ്ബുക്കിലൂടെ നന്ദി പറഞ്ഞ് ഒ.രാജഗോപാല്‍

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് വോട്ടുചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് ഒ.രാജഗോപാല്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രാജഗോപാല്‍ നന്ദി അറിയിച്ചത്. ‘എനിക്കായ് വോട്ട് രേഖപ്പെടുത്തിയ ഓരോ സമതിദായകരോടും എന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അരുവിക്കരയില്‍ എന്നോടൊപ്പം നേരിട്ടും കൂടാതെ സോഷ്യല്‍ മീഡിയയിലൂടെയും അക്ഷീണം ഒറ്റ മനസായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരോടും ഞാന്‍ എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു’ വെന്നാണ് രാജഗോപാല്‍ പറഞ്ഞത്.

തിരഞ്ഞെടുപ്പു ഫലത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും പിന്നില്‍ മൂന്നാമതായെങ്കിലും അരുവിക്കരയില്‍ ഏറ്റവുമധികം വോട്ടു നേടിയ ഒറ്റകക്ഷി ബിജെപിയാണ്, 34,145 വോട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴായിരം മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ച വോട്ട്. 56,448 വോട്ടുമായി ഒന്നാമതെത്തിയ യുഡിഎഫിന്റെ ശബരീനാഥന്‍ കോണ്‍ഗ്രസുള്‍പ്പെടെ ചെറുതും വലുതുമായ ഏഴോളം കക്ഷികളുടെ പിന്തുണയോടെയാണ് ഇത്രയും വോട്ട് സമാഹരിച്ചത്. 46,320 വോട്ടുമായി രണ്ടാമതെത്തിയ എല്‍ഡിഎഫിന്റെ എം. വിജയകുമാറിനും ചെറുതും വലുതുമായ ആറോളം പാര്‍ട്ടികളുടെ പിന്തുണയുണ്ടായിരുന്നു.

© 2025 Live Kerala News. All Rights Reserved.