കെ എം മാണിയ്‌ക്കെതിരെ തുടരന്വേഷണം ആവശ്യമില്ലെന്ന നിലപാടിലുറച്ച് വിജിലന്‍സ് അഭിഭാഷകന്‍; തെളിവുകള്‍ ഹാജരാക്കിയാല്‍ മാത്രമേ ഇനി ബാര്‍കോഴ പരിഗണിക്കുകയുള്ളുവെന്ന് വിജിലന്‍സ് കോടതി

തിരുവനന്തപുരം: മുന്‍ മന്ത്രി കെ എം മാണിക്കെതിരെ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന വിജലന്‍സ് അഭിഭാഷകന്‍ കോടതിയില്‍. മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ മുന്‍ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. അതേസമയം, തെളിവുകള്‍ ഹാജരാക്കിയാല്‍ മാത്രമേ ബാര്‍ കോഴക്കേസ് ഇനി പരിഗണിക്കുകയുള്ളൂ എന്ന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വ്യക്തമാക്കി. കേസ് നേരത്തെ പരിഗണിച്ചിരുന്ന ജോണ്‍ കെ ഇല്ലിക്കാടന്‍ സ്ഥലം മാറിയതിനാല്‍ പുതിയ ജഡ്ജി എ ബദറുദ്ദീനാണ് കേസ് പരിഗണിച്ചത്. കെഎം മാണി രണ്ട് തവണയായി 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന ആദ്യ കണ്ടെത്തല്‍ പൂര്‍ണ്ണമായും തള്ളിയാണ് എസ്പി ആര്‍ സുകേശന്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാണിക്ക് പണം നല്‍കിയതിന് തെളിവില്ലെന്നും ബാറുകള്‍ പൂട്ടിയത് മൂലം കോടികളുടെ നഷ്ടമുണ്ടായ ബിജുരമേശ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനാണ് കോഴ ആരോപണം ഉന്നയിച്ചതെന്നുമായിരിന്നു സുകേശന്റെ കണ്ടെത്തല്‍.

© 2025 Live Kerala News. All Rights Reserved.