കശ്മീര്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി; 800 സിആര്‍പിഎഫ് ഭടന്മാരെ കൂടി കശ്മീരിലേക്ക്; പ്രശ്‌നങ്ങള്‍ക്ക്‌ പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറുടെ വധത്തെ തുടര്‍ന്ന് കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. മുന്നൂറിലധികം പേരാണ് പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നത്. സോപോറിലെ പൊലീസ് സ്റ്റേഷനും പുല്‍വാമയിലെ വ്യോമസേനയുടെ വിമാനത്താവളത്തിനും നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 800 സി.ആര്‍.പി.എഫ് ഭടന്മാരെ കൂടുതലായി കശ്മീരിലേക്കയച്ചു. നേരത്തേ സംസ്ഥാന പൊലീസിനെ സഹായിക്കാന്‍ 1200 ഭടന്മാരെ നല്‍കിയിരുന്നു. സംഘര്‍ഷം രൂക്ഷമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ രണ്ടു തവണ ഉന്നതതല യോഗം ചേര്‍ന്നു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് പുറമെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.