കൊച്ചി: അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര വൈകുന്നതില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പിഡിപി പ്രവര്‍ത്തകര്‍ വിമാനത്താവളത്തിലെ ഇന്‍ഡിഗോ ഓഫീസിന്റെ ചില്ല് തകര്‍ത്തു. രാത്രി 8.30ന് മദനി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നതോടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. നാട്ടിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കിയ വ്യക്തിക്ക് യാത്രാനുമതി നിഷേധിച്ചത് ഉന്നത തലത്തിലുള്ള ഗൂഢാലോചനായാണെന്ന് പിഡിപി പ്രവര്‍ത്തകരുടെ ആരോപണം.പൊലീസ് കാവലുള്ളതിനാല്‍ മഅ്ദനിയെ വിമാനത്തില്‍ കയറ്റാനാവില്ലെന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ നിലപാടിനെ തുടര്‍ന്നാണ് യാത്ര വൈകിയത്. മഅ്ദനിയുടെ യാത്രയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ഇന്‍ഡിഗോ വിമാന അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇതേതുടര്‍ന്ന് മദനിക്ക് വിമാനത്തിലേക്ക് പോകാന്‍ അനുമതി ലഭിച്ചില്ല. രോഗബാധിതയായ മാതാവിനെ കാണാന്‍ കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി മഅ്ദനിക്ക് അനുമതി നല്‍കിയിരുന്നു. എട്ടു ദിവസം കേരളത്തില്‍ നില്‍ക്കാന്‍ വിചാരണക്കോടതി അനുമതി നല്‍കിയിരുന്നത്.