ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണം; അ്ദനിയ്ക്ക് നാട്ടില്‍പോകാന്‍ സുപ്രീംകോടതി അനുമതി; പ്രായമായ മാതാവിനെ കാണാനാണ് കോടതി അനുമതി

ന്യുഡല്‍ഹി: ബാഗ്ലൂര്‍ സ്‌ഫോടനക്കേസ് പ്രതിയും പിഡിപി നേതാവുമായ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കുന്നതിനാണ് അനുമതി നല്‍കിയത്. അതേസമയം മഅ്ദനി ഇന്ന് നല്‍കിയ ഹര്‍ജിയില്‍ ബാഗ്ലൂര്‍ സ്‌ഫോടന കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് മഅ്ദനിയുടെ ഹര്‍ജി പരിഗണിച്ചത്. പ്രമേഹം മൂലം ഏറെ വിഷമതകള്‍ അനുഭവിക്കുന്ന മഅ്ദനിക്ക് വിചാരണ കോടതി ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ മാത്രം ഹാജരായാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് കോടതിയില്‍ ഹാജരായത്. 2014 ജൂലൈയില്‍ മഅദ്‌നിക്ക് ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ബാംഗ്ലൂര്‍ വിട്ട് പോകാന്‍ പാടില്ലെന്നായിരുന്നു നിര്‍ദേശം. ആ ഉപാധികളെടുത്ത് കളഞ്ഞുകൊണ്ടാണ് നാട്ടിലേക്ക് പോകാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷമായി ബാംഗ്ലൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു അദേഹം.

© 2025 Live Kerala News. All Rights Reserved.