ന്യൂഡല്‍ഹി: സാമൂഹികപരമായ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദേശിക്കുന്ന ഏകസിവില്‍കോഡ്. ഇതിന്റെ നിയമസാധുത പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലോ കമ്മിഷന് നിര്‍ദേശം നല്‍കി. രാജ്യത്തെ നിയമപരിഷ്‌കരാങ്ങള്‍ക്കുള്ള ഉപദേശം നല്‍കുന്ന നിര്‍ണായക സമിതിയാണ് ലോ കമ്മിഷന്‍. രാജ്യത്തെ വ്യക്തിനിയമങ്ങള്‍ ഏകീകരിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ് ഏകസിവില്‍കോഡ്. നിലവില്‍ രാജ്യത്ത് ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും പ്രത്യേക വ്യക്തിനിയമങ്ങളാണ് ഉള്ളത്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പൈതൃകാവകാശം തുടങ്ങിയവയാണ് വ്യക്തി നിയമത്തിന്റെ പരിധിയില്‍ വരിക. ഇത് ഏകീകരിക്കണമെന്ന വാദമാണ് പതിറ്റാണ്ടുകളായി ആര്‍എസ്എസും ഹിന്ദു സംഘടനകളും ഉന്നയിക്കുന്നത്. ബിജെപിയും ഈ വാദം ശക്തമായി ഉന്നയിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് മോഡി സര്‍ക്കാര്‍ ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഈ നീക്കവുമായി സര്‍ക്കാര്‍ രംഗത്തുവന്നിരുന്നില്ല. നിലവിലെ ലോക്‌സഭയില്‍ ബിജെപിക്ക് തനിച്ച് മൃഗീയ ഭൂരിപക്ഷമുണ്ടെന്നതിനാണ് ഇത്തവണ മോഡി സര്‍ക്കാര്‍ ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. സംഭവം മുഖ്യധാരാ മുസ്ലിം സംഘടനകള്‍ എതിര്‍ക്കും. അതേസമയം ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഏകസിവില്‍കോഡില്‍ നല്ല ആശയങ്ങളുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.