കൊച്ചി: പെരുമ്പാവൂരില്‍ ദളിത് പെണ്‍കുട്ടി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായെങ്കിലും അവ്യക്തത തുടരുന്നു. പൊലീസിന്റെ വിശദീകരണത്തില്‍ പൊരുത്തക്കേടുകള്‍ നിറയുകയും വൈരുധ്യങ്ങള്‍ കടന്നുകൂടുകയും ചെയ്തുവെന്നതാണ് യാഥാര്‍ഥ്യം. വ്യക്തിവൈരാഗ്യവും ലൈംഗിക താല്‍പര്യവും നടക്കാതെ വന്നതിലെ ഈര്‍ഷ്യയുമാണ് കൊലപാതക കാരണമെന്ന പൊലീസ് വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാനാവില്ലെന്ന നിലപാടിലാണ് സോഷ്യല്‍മീഡിയകളില്‍ വരുന്ന പോസ്റ്റുകള്‍. കുളക്കടവില്‍ വച്ച് ഒരു സ്ത്രീ അമിയൂറിനെ മുഖത്തടിച്ചപ്പോള്‍ ജിഷ ചിരിച്ചതാണ് കൊലയിലേക്ക് നയിക്കാന്‍ പ്രകോപനമെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് ജിഷയെ സൗഹൃദവലയത്തിലാക്കിയശേഷമായിരുന്നു കൊലപാതകം. സംഭവദിവസംപോലും ജിഷയെ പ്രതി ലൈംഗികമായി ആക്രമിച്ചിരുന്നു. 23വയസ്സുള്ള, സംസ്ഥാനത്ത് കാര്യമായ ബന്ധങ്ങളില്ലാത്ത ഒരു ഇതരസംസ്ഥാന തൊഴിലാളിയ്ക്ക് ഇങ്ങനെയൊരു നിഷ്ഠൂരമായ കൊലനടത്തിയശേഷം പരസഹായമില്ലാതെ തെളിവുകള്‍ നശിപ്പിക്കാന്‍ കഴിയുമോയെന്ന ചോദ്യം സ്വാഭാവികം.
രാത്രിയില്‍ ജൂനിയര്‍ ഡോക്ടറെകൊണ്ട് നിര്‍ബന്ധപൂര്‍വം ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം സാധിപ്പിക്കാന്‍മാത്രമുള്ള പ്രതിയുടെ സ്വാധീനത്തെപ്പറ്റി പൊലീസ് പറയുന്നുമില്ല. ശ്മശാനത്തിലെ പ്രവര്‍ത്തി സമയം കഴിഞ്ഞിട്ടും മൃതദേഹം പ്രത്യേക താല്‍പര്യമെടുത്ത് ഉടന്‍തന്നെ ദഹിപ്പിച്ചു കളയുന്നു. അതേസമയം സംഭവം നടന്നതും അമിയൂര്‍ ഉള്‍ ഇസ്ലാം അസമിലേക്ക് കടന്നതായും പറയുന്നു. പിന്നെയാരാണ് മൃതദേഹം ദഹിപ്പിക്കാന്‍ മുന്‍കൈയെടുത്തത്. വാര്‍ത്ത ദിവസങ്ങളോളം മൂടിവയ്കാനും, തെളിവുകള്‍ നശിപ്പിക്കാനും മാത്രം സ്വധീനമുള്ള ആളാണോ പ്രതിയെന്ന ചോദ്യവും ഉയരുന്നുണ്ട്. കൊലപാതകശേഷം കൊലയാളി ചെരുപ്പ് സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ചുപോയിരിക്കുന്നു.ചെരുപ്പ് ചെളിയില്‍ പുതഞ്ഞെന്നാണ് പറയുന്നത്. ചെരുപ്പ് കണ്ടിട്ട് ചെളി അവിടവിടെയായി പുരണ്ടതല്ലാതെ ചെളിയില്‍ പുതഞ്ഞ ലക്ഷണവുമില്ല. ജിഷ എന്തിന് ഹിഡന്‍ കാമറ വാങ്ങിയത് അസം സ്വദേശിയെ ഭയന്നിട്ടാണോയെന്നതും സ്വാഭാവിക സംശയം. രജിസ്ട്രാര്‍ ഓഫീസില്‍ പോയി ആരുടെ ആധാരമാണ് ജിഷ പരിശോധിച്ചത്? ഇതിനൊന്നും പൊലീസിന്റെ പക്കല്‍ ഉത്തരമില്ലാതെ പോകുന്നു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ തെളിവുകളെക്കുറി്‌ച്ചോ ജിഷയുടെ പിതാവ് പാപ്പുവിന്റെ വെളിപ്പെടുത്തലോയൊന്നും അന്വേഷണ പരിധിയില്‍ വന്നില്ല.