കേരളത്തിലെ അഭിഭാഷകരെ തനിക്ക് വിശ്വാസമില്ല; കേസ് വാദിക്കാന്‍ അഡ്വ. ആളൂരിനെ അനുവദിച്ച് തരണമെന്ന് ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാം

കൊച്ചി: കേരളത്തിലെ അഭിഭാഷകരെ തനിക്ക് വിശ്വാസമില്ലാത്തതിനാല്‍ അഡ്വ. ആളൂരിനെ തന്റെ അഭിഭാഷകനായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ വധക്കേസ് പ്രതി അമീര്‍ ഉള്‍ ഇസ്ലാം വിചാരണ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. കേരളത്തിലെ അഭിഭാഷകരെ തനിക്ക് വിശ്വാസമില്ലാത്തതിനാലാണ് ആളൂരിനെ ആവശ്യപ്പെടുന്നതെന്ന് ജയില്‍ സൂപ്രണ്ട് വഴി സമര്‍പ്പിച്ച അപേക്ഷയില്‍ അമീര്‍ പറയുന്നു. തനിക്ക് എഴുതാന്‍ അറിയാത്തതിനാല്‍ പറഞ്ഞു കൊടുത്തത് പ്രകാരം സഹ തടവുകാരെക്കൊണ്ട് എഴുതിപ്പിക്കുകയാണെന്നും അപേക്ഷയില്‍ വ്യക്തമാക്കുന്നു. അമീര്‍ ഉള്‍ ഇസ്ലാമിനു വേണ്ടി വാദിക്കാന്‍ സമ്മതമറിയിച്ച് നേരത്തെ ആളൂര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അനുമതി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് അമീര്‍ കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയത്. ആളൂരിന് തനിക്ക് വേണ്ടി വാദിക്കാന്‍ താല്‍പ്പര്യമുള്ളപ്പോള്‍ കോടതി അതിന് അനുവദിക്കണമെന്ന് അമീര്‍. ഇപ്പോഴും കേസ് ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് ആളൂരും അറിയിച്ചു. സൗമ്യ വധക്കേസില്‍ ഗോവിന്ദചാമിക്കു വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് ആളൂര്‍ ആയിരുന്നു. ഗോവിന്ദചാമിയുടെ കൊലക്കയര്‍ ജീവപര്യന്തമായി ചുരുങ്ങുകയും ചെയ്തു. ഈ പ്രതീക്ഷയിലാണ് ആളൂര്‍ തനിക്ക് വേണ്ടി വാദിക്കണമെന്ന് അപേക്ഷ സമര്‍പ്പിക്കാന്‍ അമീറിനെ പ്രേരിപ്പിച്ചത്.

.

© 2025 Live Kerala News. All Rights Reserved.