കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കൂട്ടതോല്‍വിയെചൊല്ലി ജെ.ഡി.യു(ജനതാദള്‍ യുണൈറ്റഡ്) ചേരിതിരിഞ്ഞ് വിഴുപ്പലക്കല്‍. പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനുമുണ്ടെന്ന് സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് തുറന്നടിച്ചു. ഉത്തരവാദിത്തമേറ്റ് പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ ഭാരവാഹിത്വം രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇന്നു ചേരുന്ന സംസ്ഥാന സമിതിയില്‍ അത് അംഗീകരിക്കുകയാണ് വേണ്ടത്. അത്ര കനത്ത തോല്‍വിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടി പ്രസിഡന്റ് മാറിയാല്‍ എല്ലാ ഭാരവാഹികളും മാറുമെന്നാണ് ഭരണഘടനയില്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് തോല്‍വിയിലെ റിപ്പോര്‍ട്ടില്‍ പാര്‍ട്ടി കടുത്ത നിലപാട് എടുത്തിരുന്നുവെങ്കില്‍ കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥിതി ഉണ്ടാകുമായിരുന്നുവെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. വര്‍ഗീസ് ജോര്‍ജ് മാത്രമല്ല, താനും പാര്‍ട്ടി അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാറും രാജിസന്നദ്ധത പ്രകടിപ്പിച്ചതായി ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി.ഹാരീസും പറഞ്ഞു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായിക്കൊണ്ടാണ് എം പി വീരേന്ദ്രകുമാര്‍ പ്രതികരിച്ചത്. നേതാക്കള്‍ രാജിവയ്ക്കുന്ന കാര്യം തനിക്കറിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞു. രാജി സ്വീകരിക്കണമോ എന്ന പാര്‍ട്ടി തീരുമാനിക്കും. അംഗത്വവിതരണ ചര്‍ച്ചകള്‍ക്കാണ് ഇന്ന് യോഗം ചേരുന്നത്. നിങ്ങള്‍ അറിയുന്ന കാര്യങ്ങള്‍ എന്നോടു ചോദിക്കേണ്ട. തെരഞ്ഞെടുപ്പ് തോല്‍വിയിലെ കാര്യങ്ങളും രാജിക്കാര്യവും പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണ്. അത്് നിങ്ങളുടെ പ്രശ്‌നമല്ലെന്നും വീരേന്ദ്രകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.