സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിദാനക്കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു; 118 ഏക്കര്‍ മിച്ചഭൂമി സ്വകാര്യ കമ്പനിക്ക് നല്‍കാന്‍ ഉത്തരവിറക്കിയതാണ് കുഞ്ഞാലിക്കുട്ടിക്കും അടൂര്‍പ്രകാശിനും തിരിച്ചടിയായത്

മുവാറ്റുപുഴ: സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിദാനക്കേസില്‍ മുന്‍മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍ റവന്യുമന്ത്രി അടൂര്‍ പ്രകാശ്, മുന്‍ വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് യൂണിറ്റാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.നേരത്തെ വിജിലന്‍സിന്റെ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് തള്ളി ഇരുമന്ത്രിമാര്‍ക്കുമെതിരെ കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മുന്‍ മന്ത്രിമാര്‍ക്ക് പുറമെ സന്തോഷ് മാധവനെതിരെയും കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സ് ജഡ്ജി പി മാധവന്‍ വിധിച്ചത്. കേസില്‍ സര്‍ക്കാരിന് നഷ്ടമില്ലെങ്കിലും അഴിമതി നടത്താന്‍ ശ്രമം നടന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട സംഘത്തിന് നികത്താന്‍ അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ നടപടി വിവാദമായിരുന്നു. 118 ഏക്കര്‍ ഭൂമി സ്യകാര്യ കമ്പനിക്ക് നല്‍കാനാണ് ഉത്തരവിറങ്ങിയത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന മന്ത്രസഭാ യോഗത്തില്‍ ആയിരുന്നു തീരുമാനം. ഐ.ടി വ്യവസായത്തിനെന്ന് പറഞ്ഞാണ് എറണാകുളം ജില്ലയിലെ പറവൂര്‍ പുത്തന്‍വേലിക്കര, തൃശ്ശൂരിലെ മാള എന്നിവിടങ്ങളിലായി ഏറ്റെടുത്ത മിച്ചഭൂമി ആര്‍.എം.ഇസഡ്ഡെന്ന സന്തോഷ് മാധവന്റെ കമ്പനിക്ക് തിരിച്ച് നല്‍കാന്‍ ഉത്തരവിട്ടത്.
എന്നാല്‍ നടപടി വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു. കോണ്‍ഗ്രസില്‍തന്നെ ഇത് വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചു. വിഎം സുധീരനും വി ഡി സതീശനുമൊക്കെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

© 2025 Live Kerala News. All Rights Reserved.