വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് തള്ളിയ കോടതി ഭൂമിയിടപാടിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടു; മുന്‍ മന്ത്രിമാരായിരുന്ന അടൂര്‍പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസെടുക്കാനും നിര്‍ദേശം

മൂവാറ്റുപുഴ: വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയ കേസിലാണ് മുന്‍ മന്ത്രിമാരായ അടൂര്‍പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പുത്തന്‍വേലിക്കരയിലെ സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിയിടപാട് കേസിലാണ് ല്‍ മുന്‍മന്ത്രിമാര്‍ കോടതി കയറേണ്ടി വരിക.. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ മന്ത്രിമാര്‍ക്ക് പങ്കില്ലെന്ന് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് കോടതി തള്ളി. എത്രയും പെട്ടെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് കൈമാറാന്‍ വിജിലന്‍സ് ഡയറക്ടറോടാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്‍.ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയറക്ടറായിരുന്ന കാലത്താണ് മന്ത്രിമാര്‍ക്ക് കേസില്‍ യാതൊരു പങ്കുമില്ലെന്ന വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഐടി പാര്‍ക്കിന് അനുമതി നല്‍കാനെന്ന പേരിലാണ് പുത്തന്‍വേലിക്കരയിലെ നെല്‍പാടം നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഉത്തരവ് വിവാദമായതോടെ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ തന്നെ സര്‍ക്കാരിനെതിരേ വിമര്‍ശനം ഉന്നയിച്ചു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ നെല്‍പാടം നികത്താനുള്ള ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഈ സമയത്തിലാണ് മുന്‍മന്ത്രിമാര്‍ പ്രതിക്കൂട്ടിലായത്.

© 2025 Live Kerala News. All Rights Reserved.