ന്യൂഡല്‍ഹി: വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നല്‍കാന്‍ പിബിയില്‍ തീരുമാനം. സ്വതന്ത്ര്യ ചുമതലയോടുളള പദവിയാകും വിഎസിന് ലഭിക്കുക. കൂടാതെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിയും വരില്ല. അതേസമയം, വിഎസിന് കാബിനറ്റ് പദവി നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാരില്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്ന തരത്തിലുള്ള പദവിയായിരിക്കും വിഎസിന് ലഭിക്കുക. എന്ത് പദവിയായിരിക്കും ലഭിക്കുക എന്ന കാര്യം സംസ്ഥാന സര്‍ക്കാരായിരിക്കും തീരുമാനിക്കുക. എന്നാല്‍ ഇതോടൊപ്പം താന്‍ ആവശ്യപ്പെട്ട എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തിലും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും തീരുമാനമായില്ല. വിഎസിന് എല്‍ഡിഎഫ് ചെയര്‍മാന്‍ സ്ഥാനം നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഎസിനെ തിരിച്ചെടുക്കുന്ന കാര്യം പിന്നീട് ചര്‍ച്ച ചെയ്യാനും പിബി തീരുമാനിച്ചു.
അതേസമയം വിഎസിനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ തിരിച്ചെടുക്കുന്നത് പിബി കമ്മീഷന്റെ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും. ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശകന്‍, എല്‍ഡിഎഫ് ചെയര്‍മാന്‍, പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗത്വം എന്നീ പദവികള്‍ വേണമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ യെച്ചൂരിക്ക് കൈമാറിയ കുറിപ്പില്‍ വിഎസ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് പിബി തീരുമാനം.