ഡീസല്‍ വാഹനങ്ങള്‍ക്ക് നഗരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ല; പരിസ്ഥിതിപ്രശ്‌നം കൂടി പരിഗണിച്ചാവും തീരുമാനമെന്നും ഗതാഗത മന്ത്രി

തിരുവനന്തപുരം: 10 വര്‍ഷത്തിലേറെ പഴക്കവും 2000 സിസിക്കും അതിനു മുകളിലും എന്‍ജിന്‍ ശേഷിയുള്ളഡീസല്‍ വാഹനങ്ങള്‍ക്ക് നഗരങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. നിയമവശങ്ങള്‍കൂടി പരിശോധിച്ച് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാകും അപ്പീല്‍ കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി അറിയിച്ചു. ഡീസല്‍ വാഹനനിയന്ത്രണം സംബന്ധിച്ച പ്രതിസന്ധി മറികടക്കുന്നതിനൊപ്പം പരിസ്ഥിതി പ്രശ്‌നവും പരിഗണിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിധി നടപ്പിലാക്കുക എന്നത് അസാധ്യമാണെന്ന് തച്ചങ്കരി മുഖ്യമന്ത്രിയെ അറിയിച്ചു. 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളിലും നിരോധിച്ചായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. ഒരു മാസത്തിനകം നിരത്തുകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബഞ്ചിന്റെ പ്രഥമ ഉത്തരവ്. ഒരു മാസത്തിന് ശേഷം ഇത്തരം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയാല്‍ ഇവ പിടിച്ചെടുക്കണം. കൂടാതെ ഓടുന്ന ഓരോ ദിവസത്തിനും പതിനായിരം രൂപ പിഴ ഈടാക്കണമെന്നും ഹരിത ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. ഇത് എത്രത്തോളം പ്രായോഗികമാകുമെന്നാണ് കണ്ടറിയേണ്ടത്.

© 2025 Live Kerala News. All Rights Reserved.