തിരുവനന്തപുരം: സിപിഎമ്മിലെ 12 മന്ത്രിമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ചുള്ള നിര്‍ണായക സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇടതുമുന്നണിയോഗവും ഇന്ന് ചേരും. മുഖ്യമന്ത്രി ഉള്‍പ്പെടെ 12 മന്ത്രിമാരെ ഇടതുമുന്നണിയിലെ മുഖ്യകക്ഷിയായ സിപിഎമ്മിന് ലഭിക്കും. തോമസ് ഐസക്, ജി സുധാകരന്‍, ഇ പി ജയരാജന്‍, കെ കെ ഷൈലജ, കടകംപള്ളി സുരേന്ദ്രന്‍, എ കെ ബാലന്‍ എന്നിവര്‍ മന്ത്രിസഭയിലുണ്ടാകും. 12 മന്ത്രിസ്ഥാനങ്ങള്‍ക്ക് പുറമെ സ്പീക്കര്‍ സ്ഥാനവും പാര്‍ട്ടിയ്ക്കാണ്. ബുധനാഴ്ചയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. മന്ത്രിസഭയില്‍ പത്തൊന്‍പത് അംഗങ്ങളാവും ഉണ്ടാവുക.
അതേസമയം മന്ത്രിസ്ഥാനങ്ങള്‍ വീതം വെക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഇടതുമുന്നണി യോഗവും ഇന്ന് ചേരും. വൈകിട്ട് ഐകെജി സെന്ററില്‍ കണ്‍വീനര്‍ വൈക്കം വിശ്വന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. സുപ്രധാന വകുപ്പുകള്‍ ഉള്‍പ്പെടെ അഞ്ച് മന്ത്രിസ്ഥാനങ്ങള്‍ വേണമെന്ന് സിപിഐ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. സിപിഐയ്ക്ക് നാല് മന്ത്രിസ്ഥാനങ്ങളും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും ലഭിക്കും. ജനതാദള്‍ എസ്, കോണ്‍ഗ്രസ് എസ്, എന്‍സിപി എന്നീ ഘടകകക്ഷികള്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിക്കും. എന്നാല്‍ മുന്നണി പുറത്തുള്ള ഏകാംഗ കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കിച്ചേക്കില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.