അടിയന്തരാവസ്ഥ രാജ്യത്തിന്റെ കറുത്ത കാലയളവ്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യം നേരിട്ട കറുത്ത കാലളവുകളില്‍ ഒന്നായിരുന്നു അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അടിയന്തരാവസ്ഥയെ പ്രതിരോധിച്ച ലക്ഷക്കണക്കിന് ജനങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. അവരുടെ പരിശ്രമങ്ങളാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തെ സംരക്ഷിച്ചത്. നമ്മുടെ ജനാധിപത്യ ആശയങ്ങളെയും ധര്‍മ്മചിന്തകളെയും ശക്തിപ്പെടുത്തുന്നതിന് അനിവാര്യമായതെല്ലാം ചെയ്യേണ്ടതുണ്ടെന്നും മോഡി ട്വീറ്റ് ചെയ്തു. 1975ലെ അടിയന്തരാവസ്ഥയുടെ 40ാം വാര്‍ഷികദിനമായ ഇന്ന് രാവിലെ നടത്തിയ ട്വീറ്റ് സന്ദേശത്തിലാണ് മോഡി ഇങ്ങനെ കുറിച്ചത്. അടിയന്തരാവസ്ഥയുടെ വാര്‍ഷികം സമുചിതമായി ആചരിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.

അടിയന്തരാവസ്ഥയ്‌ക്കെതിരെ ജെ.പി(ജയ്പ്രകാശ് നാരായണ്‍)യുടെ ആഹ്വാനം അനുസരിച്ച് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് ഇറങ്ങിപ്പുറപ്പെട്ട നമ്മുടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ ചവിട്ടിയരയ്ക്കപ്പെട്ടു. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് രാജ്യമെമ്പാടുനിന്നുമായി നിരവധി സ്ത്രീകളും പുരുഷന്മാരുമാണ് മുന്‍നിരയിലേക്ക് ഇറങ്ങിവന്നത്. വ്യക്തിപരമായി നിരവധി ഓര്‍മ്മകള്‍ നല്‍കുന്നതാണ് അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തില്‍ നിന്നും അന്നത്തെ ചെറുപ്പക്കാരായ തങ്ങള്‍ ഒരുപാട് പഠിച്ചു. ജനാധിപത്യം തിരിച്ചുകൊണ്ടുവരിക എന്ന ഒറ്റലക്ഷ്യത്തോടെ പോരാടിയ നിരവധി വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തിക്കുന്നതിനുള്ള നല്ല അവസരം കൂടിയാണ് അടിയന്തരാവസ്ഥ നല്‍കിയതെന്നും മോഡി ഓര്‍മ്മിപ്പിച്ചു.

© 2025 Live Kerala News. All Rights Reserved.