കോയമ്പത്തൂര്‍: അടിച്ചുപൂസായാണ് വരന്‍ കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്ത് വച്ചത്. വിവാഹച്ചടങ്ങിന് വേദിയിലേക്ക് കയറും മുന്‍പുതന്നെ മൂക്കറ്റം കുടിച്ച് കാലുറയ്ക്കാത്ത പരുവത്തിലായിരുന്നു വരന്‍. തുടര്‍ന്ന് മണ്ഡപത്തില്‍ വധുവിന്റെ അടുത്തിരുന്നും വരന്‍ ലക്കുകെട്ട് ചേഷ്ടകള്‍ കാട്ടി. കല്യാണംകൂടാനെത്തിയവര്‍ക്ക് ചിരിക്ക് വകയുമായി. ഇതിനിടയില്‍ മദ്യത്തിന്റെ രൂക്ഷഗന്ധം താങ്ങാനാകാതെ വധു ബോധംകെട്ടു വീണു. അതുവരെ എല്ലാം തമാശയായി കണ്ടിരുന്ന പെണ്‍വീട്ടുകാര്‍ ഇതോടെ ഗൗരവത്തിലായി. വധുവിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഇതേതുടര്‍ന്ന് ഇരു കൂട്ടരും തമ്മില്‍ രൂക്ഷമായ തര്‍ക്കവും സംഘര്‍ഷാവസ്ഥയുമുണ്ടായി. ഇതിനിടയില്‍ ബോധം വീണ് തിരിച്ചെത്തിയ വധു തനിക്ക് ഈ വിവാഹം വേണ്ടെന്ന് പറഞ്ഞു. ഇതോടെ വാക്കുതര്‍ക്കം സംഘട്ടനത്തിലെത്തി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. പിന്നീട് മേട്ടുപ്പാളയം എസ്‌ഐയുടെ മദ്ധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ ചെലവായതുക ഇരുവീട്ടുകാരും തുല്യമായി വഹിക്കുമെന്ന ധാരണയിലാണ് എല്ലാവരും പിരിഞ്ഞുപോയത്. ബംഗ്ലാമേട് സ്വദേശിയായ യുവാവിന്റെയും എല്‍.എസ് പുരം സ്വദേശിനിയുടേയും വിവാഹമാണ് മുടങ്ങിയത്.