കലാഭവന്‍ മണിയുടെ മരണം; പുതിയെ വെളിപ്പെടുത്തല്‍; കസ്റ്റഡിയിലായ നാല് പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ളവര്‍ നടത്തിയത് നിര്‍ണ്ണായകമായ വെളിവെടുത്തല്‍. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അരുണ്‍, വിപിന്‍, മുരുകന്‍, ബിനു എന്നിവരെയാണ് അജ്ഞാതകേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയത്. ചാലക്കുടിയില്‍ മണിയുടെ ഔട്ട് ഹൗസായ പാടിയില്‍ നിന്ന് കണ്ടെടുത്ത കുപ്പിയില്‍ രാസവസ്തുക്കള്‍ ഉളളതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. എന്നാല്‍ കീടനാശിനിയാണോ എന്ന് ഉറപ്പിക്കാറായില്ല. കുപ്പികള്‍ രാസപരിശോധനയ്്ക്ക് അയക്കാനാണ് തീരുമാനം. പാടിയില്‍ പൊലീസിന്റേയും എക്‌സൈസിന്റേയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുപ്പികള്‍ കണ്ടെടുത്തത്. ഇവിടെ വച്ചാണ് കീടനാശിനി മണിയുടെ ശരീരത്തിനുള്ളില്‍ ചെന്നതെന്ന് പൊലീസ് ഉറപ്പിക്കുന്നു. എന്നാല്‍ പാടിയില്‍ കീടനാശിനി എങ്ങനെയെത്തി എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. മണി നേരിട്ട് കീടനാശിനി വാങ്ങാനുള്ള സാധ്യത കുറവാണെന്നാണ് പൊലീസ് നിഗമനം. ഏതാനും പ്ലാസ്റ്റിക് കുപ്പികള്‍ കൂടി ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതും വിശദമായ പരിശോധനയ്ക്ക് അയക്കും. മണിയുടെ ആത്മഹത്യയല്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

© 2025 Live Kerala News. All Rights Reserved.