കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയല്ലെങ്കില്‍ കൊലപാതകമോ? ആത്മഹത്യയല്ലെന്ന നിലപാടില്‍ ഉറച്ച് ഭാര്യ നിമ്മി

ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയല്ലെന്ന് ഭാര്യ ഉറപ്പിച്ചുപറയുമ്പോഴാണ് ദുരൂഹത വര്‍ധിക്കുന്നത്. വിഷം ഉള്ളില്‍ച്ചെന്നാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിനേക്കാളേറെ കീടനാശിനിയുടെ സാന്നിധ്യം രാസപരിശോധനയില്‍ വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം വഴിത്തിരിവിലെത്തി നില്‍ക്കുന്നത്. കീടനാശിനിയുടെ സാന്നിധ്യം മണിയുടെ ശരീരത്തിലുണ്ടാകാന്‍ 2 രീതിയിലുള്ള സാധ്യതകളാണ് പോലീസിന് മുന്നിലുള്ളത്. ഒന്ന് ബോധപൂര്‍വ്വം മണിയുടെ സുഹൃത്തുക്കള്‍ തന്നെ കീടനാശിനി കലര്‍ത്തിയ മദ്യം നല്‍കിയതാകാം. മണി സ്വയം കീടനാശിനി കഴിച്ചതാകാമെന്നതാണ് മറ്റൊരു നിഗമനം. എന്നാല്‍ ഈ സാധ്യത ബന്ധുക്കള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞതാണ്. അതിനാല്‍തന്നെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
മണിയുടെ സുഹൃത്തുക്കളടക്കം 10 പേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ രണ്ടു ദിവസമായി തുടര്‍ച്ചയായി ചോദ്യംചെയ്തു വരികയാണ്. കലാഭവന്‍ മണി മരിച്ചതു ഗുരുതര കരള്‍ രോഗം മൂലമാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാല്‍ കൊച്ചിയിലെ രാസപരിശോധനാ ലാബില്‍ നിന്നുള്ള പരിശോധനാ ഫലത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തി. മണിയുടെ ശരീരത്തില്‍ എങ്ങനെ വിഷാംശം എത്തി എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഫൊറന്‍സിക് സര്‍ജന്മാരായ ഡോ. പി.എ. ഷീജു, ഡോ. രാഗില്‍, ഡോ. ഷേയ്ക്ക് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ മണിയുടെ ഔട്ട്ഹൗസായ പാടിയില്‍ പരിശോധന നടത്തിയിരുന്നു. ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇവര്‍ പരിശോധനാ ഫലങ്ങള്‍ പങ്കുവച്ചു.

ഇതിനിടെ, മണിയുടെ സഹായികളായി കൂടെയുണ്ടായിരുന്നവര്‍ സ്റ്റേജ് ഷോകളിലും മറ്റും ലഭിച്ച തുകയില്‍ വെട്ടിപ്പു നടത്തിയതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചു. പക്ഷേ, പരാതികളൊന്നും രേഖാമൂലം പൊലീസിനു നല്‍കിയിട്ടില്ല. ഐജി എം.ആര്‍. അജിത്കുമാര്‍, ജില്ലാ റൂറല്‍ പൊലീസ് മേധാവി കെ. കാര്‍ത്തിക്, സിഐ ക്രിസ്പിന്‍ സാം എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ യോഗം ചേര്‍ന്നു കേസിന്റെ സ്ഥിതി വിലയിരുത്തി. തുടര്‍ന്ന് അന്വേഷണ സംഘത്തിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം നടത്തി. അതേസമയം മണിയുടെ മരണം ആത്മഹത്യയല്ലെന്ന് ഉറച്ചുവിശ്വസിക്കുന്നതായും അദേഹത്തിന് കരള്‍രോഗമുള്ളതായി യാതൊരു അറിവുമില്ലെന്നും ഭാര്യ നിമ്മി പറയുന്നു. ഇതാണ് കൂടുതല്‍ അന്വേഷണത്തിന് പ്രേരിപ്പിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.