തൃശൂര്‍: കലാഭവന്‍ മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കരള്‍ രോഗമുണ്ടായിരുന്നത് എന്നില്‍ നിന്ന് മറച്ചുവെച്ചതായി ഭാര്യ നിമ്മി പറഞ്ഞു. ഡോക്ടര്‍മാര്‍ വിലക്കിയിട്ടും സുഹൃത്തുക്കള്‍ മണിക്ക് മദ്യം നല്‍കാറുണ്ടായിരുന്നുവെന്ന് നിമ്മി മാധ്യമങ്ങളോട് പറഞ്ഞു.കുടുംബ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. മണിക്ക് ശത്രുക്കള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്നും നിമ്മി പറഞ്ഞു.കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയിലായി. മണിയുടെ സഹായികളായ അരുണ്‍, വിപിന്‍, മുരുഗന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിനു ശേഷം വിശ്രമകേന്ദ്രമായ പാഡി ഇവരാണ് വൃത്തിയാക്കിയത്. മണിയുടെ മരണത്തില്‍ സംശയമുണ്ടെന്നും കൂടെ മദ്യപിക്കാന്‍ കൂട്ടുനിന്നവരും കുറ്റക്കാരാണെന്നും മണിയുടെ സഹോദരന്‍ രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.
അരുണ്‍, വിപിന്‍, മുരുഗന്‍ എന്നിവരാണ് മണിക്കൊപ്പം എപ്പോഴുമുണ്ടായിരുന്നത്. ഇവര്‍ വെളുപ്പാന്‍ കാലത്ത് പോലും മണിക്ക് മദ്യം ഒഴിച്ചുകൊടുക്കാറുണ്ട്. കരള്‍ രോഗം മൂലം മണി മദ്യപാനം നിര്‍ത്തിയതാണ്. ഇവര്‍ക്ക് മദ്യപിക്കാന്‍ വേണ്ടി മണിയെ വീണ്ടും മദ്യപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ക്രമതീതമായ തോതില്‍ മീഥെയ്ല്‍ ആല്‍ക്കഹോള്‍ എങ്ങനെ മണിയുടെ ശരീരത്തിലെത്തിയെന്നത് പരിശോധിക്കണമെന്നും രാമകൃഷ്ണന്‍ പറഞ്ഞു.