കലാഭവന്‍ മണി മരിക്കുന്നതിന് തൊട്ടുമുമ്പ് കൂടെയുണ്ടായിരുന്നു; ഔട്ട്ഹൗസില്‍ മണി ചോരഛര്‍ദ്ധിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന സാബുവിനെ പൊലീസ് ചോദ്യം ചെയ്യും

തൃശൂര്‍: നടന്‍ കലാഭവന്‍ മണി മരിക്കുന്നതിന് തൊട്ടുമുമ്പ് ഔട്ട് ഹൗസില്‍ മദ്യപാനത്തിനിടെ ചോര ഛര്‍ദ്ധിച്ചവേളയില്‍ കൂടെയുണ്ടായിരുന്ന നടന്‍ സാബുവിനെ പൊലീസ് ചോദ്യം ചെയ്യും. സാബുവിനെ ചോദ്യം ചെയ്യാനായി പൊലീസ് തൃശൂരിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മണിയുടെ ശരീരത്തില്‍ മീതൈല്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടെന്ന ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് തലേദിവസം മണിക്കൊപ്പം ഉണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നത്. ഗുരുതരമായ കരള്‍രോഗത്തെ തുടര്‍ന്നായിരുന്നു കലാഭവന്‍ മണിയുടെ മരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ, കേസില്‍ കൃത്യമായ നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേരുകയുള്ളൂ.മണിയോടൊപ്പം ഒടുവില്‍ ഉണ്ടായിരുന്ന നടന്‍ ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുള്ള അഞ്ച് സുഹൃത്തുക്കളെ നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഔട്ട്ഹൗസില്‍ ചോര ഛര്‍ദ്ദിച്ച നിലയില്‍ കണ്ടെത്തിയ മണിയെ, ഈ സുഹൃത്തുക്കള്‍ തന്നെയാണ് ആദ്യം ചാലക്കുടിയിലെയും പിന്നീട് കൊച്ചിയിലെ ആശുപത്രിയിലും എത്തിച്ചത്. മദ്യപിക്കരുതെന്ന് ഡോക്ടര്‍മാര്‍ മണിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മരണത്തിന്റെ തലേ ദിവസവും മണി മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാജചാരായമാകാം കുടിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

© 2025 Live Kerala News. All Rights Reserved.