അവരെത്തിയത് കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് പ്രണാമം അര്‍പ്പിക്കാന്‍; ജന്മനാടിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് സഹപ്രവര്‍ത്തകര്‍

ചാലക്കുടി: പ്രിയനടനായിരുന്ന കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് പ്രണാമം അര്‍പ്പിക്കാനവര്‍ ഒത്തുചേര്‍ന്നു. മണിയുടെ ജന്മനാടിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് സഹപ്രവര്‍ത്തകര്‍ മണിയെ അനുസ്മരിച്ചു. ചാലക്കുടിയിലെ കാര്‍മല്‍ സ്‌കൂള്‍ മൈതാനിയില്‍ ആയിരങ്ങള്‍ സാക്ഷ്യം വഹിച്ച ചടങ്ങിലായിരുന്നു അനുസ്മരണം. മണി എന്ന പച്ച മനുഷ്യനെ ഓര്‍മിച്ചായിരുന്നു മോഹന്‍ലാല്‍ മുതല്‍ വിക്രം വരെയുള്ള സഹപ്രവര്‍ത്തകരുടെ വാക്കുകള്‍. മോഹന്‍ലാല്‍, മമ്മൂട്ടി, തമിഴ്‌നടന്‍ വിക്രം, സംവിധായകന്‍ കമല്‍, ലാല്‍ ജോസ്, സിബി മലയില്‍, കരുണാസ്, ഹരിശ്രീ അശോകന്‍, ആസിഫ് അലി, നരേന്‍, ഉണ്ടപക്രു, ഭാഗ്യലക്ഷ്മി, ലിജോ പെല്ലിശേരി, മുന്‍ കലക്ടര്‍ വിശ്വംഭരന്‍, കോട്ടയം നസീര്‍, ഐഎം വിജയന്‍, ബിനീഷ് കൊടിയേരി, സുരാജ് വെഞ്ഞാറമൂട്, മേജര്‍ രവി, സുരേഷ് കൃഷ്ണ, ഇന്നസെന്റ് എംപി, ബിഡി ദേവസി എംഎല്‍എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, തുടങ്ങിയവരും പങ്കെടുത്തു. മണി പഠിച്ച ചാലക്കുടി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളിനു മണിയുടെ പേര്‍ നല്‍കണമെന്ന് യോഗത്തില്‍ സമന്വയസാംസ്‌കാരിക വേദി നഗരസഭ ചെയര്‍പേഴ്‌സണോടു പ്രമേയത്തിലൂടെ ആഭ്യര്‍ഥിച്ചു.
ഇത്തരത്തിലുള്ളൊരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് ഏറ്റവും സങ്കടമുള്ള കാര്യമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സത്യസന്ധതയുടെ, സ്‌നേഹത്തിന്റെ, നന്മയുടെ സ്‌നേഹിതനെയാണ് നഷ്ടമായതെന്ന് ലാല്‍ പറഞ്ഞു. മണിയുടെ ദുഖത്തില്‍ പങ്കുചേരാന്‍ മാത്രമല്ല തന്റെ ദുഃഖത്തില്‍ നിങ്ങളെ കൂടി പങ്കുചേര്‍ക്കാനാണ് താനിവിടെ എത്തിയതെന്ന് മമ്മൂട്ടി പറഞ്ഞു. സഹോദരനായും ജ്യേഷ്ഠനായും മണി തന്നേയും താന്‍ മണിയേയും സ്‌നേഹിച്ചിരുന്നു. ആ ഓര്‍മ എന്നും മനസില്‍ സൂക്ഷിക്കാനാണ് തനിക്ക് ഇഷ്ടമെന്നും മമ്മൂട്ടി പറഞ്ഞു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ കണ്ടാണ് മണിയെ കൂടുതല്‍ അറിയുന്നതെന്ന് തമിഴ് സൂപ്പര്‍താരം വിക്രം പറഞ്ഞു. വില്ലനായും സ്വഭാവ നടനായും ഹാസ്യം കൈകാര്യം ചെയ്തും തന്റെ കഴിവ് തെളിയിച്ചയാളാണ് മണിയെന്നും വിക്രം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കാലത്ത് മണി തന്നെ കാര്യമായി സഹായിച്ചിട്ടുണ്ടെന്ന് ഇന്നസെന്റ് എംപി പറഞ്ഞു. എംപിയായാല്‍ തന്റെ നാട്ടുകാരായ വൃദ്ധര്‍ക്ക് വൈകുന്നേരങ്ങളില്‍ സമയം ചെലവിടാനായി ഒരു സ്ഥാപനം ആരംഭിക്കണമെന്ന് മണി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം 17 ലക്ഷം രൂപ ചെലവില്‍ നഗരസഭയില്‍ വൃദ്ധമന്ദിരം നിര്‍മിച്ച് താന്‍ വാക്കുപാലിച്ചുവെന്നും ഇന്നസെന്റ് പറഞ്ഞു. മണിയുടെ മറ്റ് സഹപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ മണിയെ അനുസ്മരിച്ചു.

© 2025 Live Kerala News. All Rights Reserved.