ന്യൂഡല്‍ഹി: സിയാച്ചിനിലെ മഞ്ഞുമലയിടിഞ്ഞതിനെതുടര്‍ന്ന് അടിയില്‍പ്പെട്ട് ആറുദിവസത്തിനുശേഷം കണ്ടെത്തിയ ഹനുമന്തപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡല്‍ഹിയിലെ സൈനികാശുപത്രിയില്‍ കഴിയുന്ന കോമയിലായ ഹനുമന്തപ്പയ്ക്ക് ന്യൂമോണിയ ബാധിച്ചതായി നേരത്തെ ഡോക്റ്റര്‍മാര്‍ കണ്ടെത്തിയിരുന്നു.
കൂടാതെ കരളും, വൃക്കകളും ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. ഇതോടൊപ്പം രക്തസമ്മര്‍ദം തീരെ കുറഞ്ഞതും ആരോഗ്യനിലയെ വഷളമാക്കുന്നുണ്ട്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആറുദിവസം മഞ്ഞിനകത്ത് കഴിഞ്ഞ ഹനുമന്തപ്പയുടെ ശരീരത്തിന് കടുത്ത നിര്‍ജലീകരണമാണ് സംഭവിച്ചത്. മഞ്ഞുവീഴ്ചയിലുണ്ടായ ഒരു അറയില്‍ കുടുങ്ങിയതുകൊണ്ടാണ് ഹനുമന്തപ്പയ്ക്ക് ഇത്രദിവസം പിടിച്ചുനില്‍ക്കുവാന്‍ സാധിച്ചതെന്നാണ് വിദഗ്ധാഭിപ്രായം. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഹനുമന്തപ്പയെ കാണുവാനായി അദ്ദേഹത്തിന്റെ കുടുംബവും ഇന്ന് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഹനുമന്തപ്പയുടെ തിരിച്ചുവരവിന് രാജ്യം ഒറ്റക്കെട്ടായി പ്രാര്‍ഥനയിലാണ്.