ചെന്നൈ: ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനമാര്‍ഗം തേടുന്ന ചെന്നൈയിലെ ഓട്ടോതൊഴിലാളിയാണ് രവിചന്ദ്രന്‍. രണ്ട് മാസം മുന്‍പ് ഒരു ബംഗാളിയായ വൃദ്ധന്‍ രവിചന്ദ്രന്റെ ഓട്ടോയില്‍ കയറി. യാത്രാമധ്യേ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനാല്‍ അടുത്തുള്ള ക്ലിനിക്കില് എത്തിച്ചു. ആരോഗ്യനില അതീവഗുരുതരമായതിനാല്‍ അവിടെനിന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഹൃദയധമനിയില്‍ തടസ്സം കണ്ടെത്തുകയും പെട്ടെന്നുതന്നെ പേസ്‌മേക്കര്‍ വയ്ക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതിനായി ഒരുലക്ഷം രൂപ ചിലവ് വരുമെന്നും അറിയിച്ചു. രവിചന്ദ്രന്‍ യാത്രക്കാരന്റെ വീട്ടില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു മകന്‍ ആശുപത്രിയിലെത്തി. എന്നാല്‍ വിമാനയാത്ര ചെലവ് കഴിഞ്ഞ് 15000 രൂപ മാത്രമെ മകന്റെ കയ്യിലുണ്ടായിരുന്നുള്ളു. ചികിത്സയ്ക്കായി പണം കിട്ടാന്‍ വേറെ വഴിയില്ലാതായപ്പോള്‍ ഓട്ടോ പണയം വെക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് രവിചന്ദ്രന്‍ പറയുന്നു. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെ കാരുണ്യത്തെ പ്രോത്സാഹിപ്പിക്കുന്ന അണ്ണാ ഓട്ടോ വെല്‍ഫെയര്‍ ട്രസ്റ്റ് രവിചന്ദ്രന് പാരിതോഷികം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മന:സാക്ഷി മരവിക്കാത്ത ഇത്തരം മനുഷ്യരുടെ മാതൃകപ്രവര്‍ത്തനമാണ് നാടിന് അഭിമാനമാകുന്നത്.