കൊച്ചി: മന്ത്രി കെസി ജോസഫിനും പണികിട്ടി. ‘ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍’ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് അലക്‌സാണ്ടറെ ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ എന്ന വിശേഷിപ്പിച്ചതാണ് ജോസഫിന് പാരയായത്. ഹൈക്കോടതിയാണ് മന്ത്രിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യം ചുമത്തിയത്. ഈ മാസം 16ന് നേരിട്ട് ഹാജരാകാനും ഉത്തരവിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിയെയാണ് ജോസഫ് ഇങ്ങനെ പറഞ്ഞത്. വി. ശിവന്‍കുട്ടി എം.എല്‍.എയാണ് ഇതുസംബന്ധിച്ച് ഹര്‍ജി നല്‍കിയത്. ജൂലൈ 24ന് സാമൂഹിക മാധ്യമങ്ങളിലൂടെ മന്ത്രി ജഡ്ജിക്കെതിരെ നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി ഭരണവിഭാഗം രജിസ്ട്രാര്‍ മുഖേനയാണ് ശിവന്‍കുട്ടി എം.എല്‍.എ കോടതിയുടെ പരിഗണനക്കായി ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സിനുവേണ്ടി അഡ്വ. ജയശങ്കറും ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയിരുന്നു. ഇതില്‍ എജി നടപടിയൊന്നും സ്വീകരിക്കാത്തതിലാണ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്. ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ എന്ന ഉപമ നീതിപീഠത്തെ അവഹേളിക്കുന്നതും പൊതുജനങ്ങള്‍ക്കിടയില്‍ കോടതിയെ കുറിച്ച് അവമതിപ്പ് ഉണ്ടാക്കുന്നതുമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കെസി ജോസഫിന്റെ പരാമര്‍ശം മാധ്യമങ്ങളിലൂടെ വാര്‍ത്തയായി പ്രചരിച്ചുവെന്നും ഇത് കോടതിയെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പിന് ഇടയാക്കിയെന്നും പരാതിയില്‍ പറയുന്നു. മന്ത്രിക്കെതിരെ ക്രിമിനല്‍ കോടതിയലക്ഷ്യകുറ്റം ചുമത്തി നടപടിയെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നടത്തിയ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു മന്ത്രി കെസി ജോസഫിന്റെ അവഹേളന പരാമര്‍ശം. സ്വന്തം ഫെയ്‌സ് ബുക്കില്‍ പോസ്റ്റു ചെയ്ത പരാമര്‍ശം പിന്നീട് എല്ലാ മാധ്യമങ്ങളും വാര്‍ത്ത നല്‍കുകയും ചെയ്തു. മാധ്യമ വാര്‍ത്തയായ ശേഷവും പ്രസ്താവന പിന്‍വലിക്കാനോ തിരുത്താനോ മന്ത്രി തയ്യാറായിരുന്നില്ല. ഇതാണ് മന്ത്രിക്ക് പാരയായത്. ശുംഭന്‍ പ്രയോഗത്തെത്തുടര്‍ന്ന് സിപിഎം നേതാവ് എം വി ജയരാജന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നിരുന്നു.