സോളാര്‍ കേസില്‍ മൂന്ന് സിഡികള്‍ സരിത കൈമാറി; ദൃശ്യങ്ങളില്‍ അഴിമതി നടന്നതിന്റെ സംസാരിക്കുന്ന തെളിവുകള്‍; തമ്പാനൂര്‍ രവി, സലിംരാജ്, ബെന്നി ബഹനാന്‍, എബ്രഹാം കലമണ്ണില്‍ എന്നിവരുടെ ഇടപെടലുകള്‍ സിഡിയില്‍

കൊച്ചി: സോളാര്‍ കേസില്‍ കമ്മീഷന് മുന്നില്‍ സരിത എസ് നായര്‍ തെഴിവുകളടങ്ങിയ മൂന്ന് സിഡികള്‍ കൈമാറി. കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ സംഭാഷണത്തിന്റെ തെളിവുകളാണ് സിഡി രൂപത്തില്‍ സോളാര്‍ കമ്മീഷന് കൈമാറിയത്. കോണ്‍ഗ്രസ് നേതാക്കളായ തമ്പാനൂര്‍ രവി, മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍ മാന്‍ സലിം രാജ്, ബെന്നി ബഹന്നാന്‍ എന്നിവരുമായി സംസാരിച്ചതിന്റെ തെളിവുകളാണ് സിഡിയില്‍ ഉള്ളത്. 2014 മുതല്‍ നടത്തിയ സംഭാഷണങ്ങള്‍ സിഡിയില്‍ ഉണ്ട്. പ്രമുഖ സംരംഭകനായ എബ്രഹാം കലമണ്ണില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ആവശ്യപ്പെട്ടു എന്ന് സരിത മൊഴി നല്‍കി. എബ്രഹാം കലമണ്ണില്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സിഡിയിലുണ്ടെന്ന് സരിത പറഞ്ഞു. കലമണ്ണിലിനെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത് താനാണെന്ന് സരിത പറഞ്ഞു. കലമണ്ണിലുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ സിഡിയിലുണ്ട്. ചില രേഖകള്‍ ഉച്ചയ്ക്ക് ശേഷം ഹാജരാക്കുമെന്ന് സരിത പറഞ്ഞു. മൂന്ന് സിഡികളും കമ്മീഷന്‍ തെളിവായി സ്വീകരിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് സരിത കൈമാറിയ തെളിവുകള്‍.

© 2025 Live Kerala News. All Rights Reserved.