രോഹിത് വെമുലയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നിരാഹാരസമരത്തില്‍; ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി സമരം ആളികത്തുന്നു

ഹെദരാബാദ്: ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയും നിരാഹാരസമരത്തില്‍. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായാണ് രാഹുല്‍ വന്നത്. അര്‍ധരാത്രിയോടെ യൂണിവേഴ്‌സിറ്റിയിലെത്തിയ രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. രോഹിത് വെമുലയുടെ 27ാം ജന്മദിനമായ വെള്ളിയാഴ്ച രാത്രി വിദ്യാര്‍ഥികള്‍ മെഴുകുതിരി ദീപം തെളിയിച്ചു. 2000ത്തോളം വിദ്യാര്‍ഥികളാണ് വെള്ളിയാഴ്ച നടന്ന മെഴുകിതിരി റാലിയില്‍ പങ്കെടുത്തത്. ഇന്നു വിദ്യാര്‍ഥികള്‍ നടത്തുന്ന കൂട്ടനിരാഹാര സമരത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കുചേരുമെന്ന് എന്‍.എച്ച്.യു.ഐ ദേശീയ പ്രസിഡന്റ് റോജി എം. ജോണ്‍ പറഞ്ഞു. അതിനിടെ നേരത്തെ സസ്‌പെന്‍ഷനിലായ രണ്ടു ഗവേഷണ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ തന്നെ രാഹുല്‍ ഗാന്ധി നിരാഹാരസമരം ആരംഭിച്ചു. ഇതു രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തുന്നത്.

© 2025 Live Kerala News. All Rights Reserved.