ചന്ദ്രബോസ് വധക്കേസില്‍ നിഷാമിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല; വിചാരണ സ്‌റ്റേ ചെയ്യാനാവില്ല; എല്ലാ തെളിവുകളും സാഹചര്യവും പ്രതിക്ക് എതിരായിത്തന്നെ നില്‍ക്കുന്നു

ന്യൂഡല്‍ഹി: ചന്ദ്രബോസ് വധക്കേസില്‍ വിചാരണ സ്‌റ്റേ ചെയ്യണമെന്ന പ്രതി നിഷാമിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കിച്ചില്ല. വിചാരണ പൂര്‍ത്തിയായ ശേഷം പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി സ്റ്റേ ആവശ്യം തള്ളി. മൂന്നുമാസം കൂടി കാലാവധി നീട്ടണമെന്നായിരുന്നു നിസാമിന്റെ ആവശ്യം. നീതിപൂര്‍വകമായ വിചാരണ നടക്കണമെങ്കില്‍ കാലാവധി നീട്ടി നല്‍കണമെന്ന് നിസാമിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. വിചാരണ ജനുവരി 31 നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. സാധാരണക്കാരന്റെ ജീവിതത്തിന് വിലകല്‍പ്പിക്കാത്തയാളാണ് നിസാമെന്നും പ്രതിയുടെ തന്‍പോരിമയും ധാര്‍ഷ്ട്യവും അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. കേസ് വിചാരണ തടസ്സപ്പെടുത്താനുള്ള പ്രതിഭാഗത്തിന്റെ ഹരജികള്‍ എല്ലാം ഹൈകോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു. ആയിരത്തോളം പേജുള്ള കുറ്റപത്രമാണ് സമര്‍പിച്ചത്. 111 പേരുള്ള സാക്ഷിപ്പട്ടികയും 24 തൊണ്ടി മുതലുകളടക്കം 65 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. നിസാം താമസിക്കുന്ന തൃശൂരിലെ ഫല്‍റ്റില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവശേഷം എല്ലാ തെളിവുകളും നിഷാമിനെതിരെയായിരുന്നു. അതുകൊണ്ടുതന്നെ നിയമപരമായ ജാമ്യംപോലും വൈകിയേക്കാനാണ് സാധ്യത.

© 2025 Live Kerala News. All Rights Reserved.