പത്താന്‍കോട്ട് ഭീകാക്രമണവുമായി ബന്ധമുള്ള മൂന്ന് ഭീകരര്‍ പാകിസ്ഥാനില്‍ പിടിയില്‍; ജയ്‌ഷെ മുഹമദ് ഭീകരസംഘടനയുടെ കേന്ദ്രം സീല്‍ ചെയ്തു

ഇസ്‌ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധമുള്ള മൂന്നു ഭീകരരെയാണ് പാകിസ്ഥാനില്‍ അറസ്റ്റ് ചെയ്തത്. ജയ്‌ഷെ മുഹമ്മദിന്റെ പാക്കിസ്ഥാനിലെ ഓഫിസ് അടച്ചുപൂട്ട്ി സീല്‍ ചെയ്തു. ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പാക്ക് സര്‍ക്കാരിന്റെ നടപടി. അതേസമയം, ഭീകരാക്രമണം അന്വേഷിക്കുന്ന പാക്ക് സംഘം ഇന്ത്യയിലെത്തിയേക്കുമെന്ന് സൂചനയുണ്ട്. ഇന്ത്യ -പാക്ക് സെക്രട്ടറി തല ചര്‍ച്ചകള്‍ നീട്ടിവയ്ക്കുന്നതിന് തീരുമാനമായി. പാക്കിസ്ഥാന് അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കാനാണ് തീരുമാനം. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച നീട്ടിവക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ തീരുമാനം. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക്കിസ്ഥാന്‍ സുരക്ഷാ ഉപദേഷ്ടാവ് നാസര്‍ ഖാന്‍ ജാന്‍ജുവയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് ഇന്ത്യ, പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംയുക്ത സംഘം രൂപീകരിച്ച് അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉത്തരവിടുകയും ചെയ്തു. ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലുപേരെ പാക്കിസ്ഥാനില്‍ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. അതിന് പിന്നാലെയാണ് മൂന്ന് ജയ്‌ഷെ ഭീകരര്‍കൂടി പിടിയിലാവുന്നത്.

© 2025 Live Kerala News. All Rights Reserved.