ന്യൂഡല്‍ഹി: . ഈമാസം 15ന് ഇസ്‌ലാമാബാദില്‍ സംഘടിപ്പിച്ചിട്ടുള്ള വിദേശകര്യ സെക്രട്ടറിമാരുടെ ചര്‍ച്ച നടക്കണമെങ്കില്‍ പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ നടപടിയെടുക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഇന്ത്യ-പാക്ക് ചര്‍ച്ചയുമായി ബന്ധപ്പെട്ട് തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യവും ഡോവല്‍ നിഷേധിച്ചു. താന്‍ ഇത്തരത്തിലൊരു അഭിമുഖം നല്‍കിയതായി ഓര്‍ക്കുന്നില്ലെന്നാണ് അജിത് ഡോവല്‍ പ്രതികരിച്ചത്. നിരവധി പത്രപ്രവര്‍ത്തകരുമായി ദിവസവും സംസാരിക്കുന്ന ആളാണ് ഞാന്‍. പക്ഷേ, അത്തരമൊരു അഭിമുഖം നല്‍കിയതായി ഓര്‍ക്കുന്നില്ല. ഞാന്‍ പറഞ്ഞുവെന്ന രീതിയില്‍ പ്രചരിക്കുന്ന പ്രസ്താവനകള്‍ ശക്തമായി നിഷേധിക്കുകയാണ്. ഡോവല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലാഹോര്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് സെക്രട്ടറിതല ചര്‍ച്ചയ്ക്കു തീരുമാനമായത്.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ക്കു മാറ്റമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഒരു മാറ്റവും ഇല്ലെന്നും ജനുവരി 15ന് സെക്രട്ടറിമാരുടെ ചര്‍ച്ച നടക്കുമെന്നും പാക്ക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കിയിരുന്നു. ഇതിനിടെ വിവാദമുയര്‍ന്നത്.