കത്ത് കത്തിപ്പടരുന്നു; രമേശ് ചെന്നിത്തല ഇന്ന് തന്നെ ഡല്‍ഹിയ്ക്ക് പോകും; ഉന്നതതല അന്വേഷണം വേണമെന്ന് വി എം സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ചുവെന്ന് പറയുന്ന കത്ത് വിവാദം കോണ്‍ഗ്രസില്‍ കത്തിപ്പടരുന്നു. ഇന്ന് തന്നെ രമേശ് ചെന്നിത്തല ഡല്‍ഹിയ്ക്ക് പോയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.  കത്ത് രമേശ് ചെന്നിത്തല തന്നെ നിഷേധിച്ച സാഹചര്യത്തില്‍ ഇത് വ്യാജമെന്ന് മനസിലാകുന്നതിനാല്‍ ഉന്നതതല അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്‍ഫ് വിഎം സുധീരന്‍ പറഞ്ഞു. കെപിസിസി യോഗത്തിലാണ് വിഎം സുധീരന്‍ കത്തിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.
രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് കത്തയച്ച വിവരം ഇക്കണോമിക്‌സ് ടൈംസാണ് പുറത്തുവിട്ടത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടവും അഴിമതിയുമാണെന്ന് കത്തില്‍ രമേശ് ചെന്നിത്തല ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയെന്നും സംസ്ഥാനത്തുണ്ടായ അഴിമതിയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായെന്ന് കത്തില്‍ വിശദീകരിക്കുന്നു. സംസ്ഥാനത്ത് ബിജെപിക്കുണ്ടായ വളര്‍ച്ചയും കത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. എസ്എന്‍ഡിപിയുമായി ബിജെപി സഖ്യത്തിലായി കഴിഞ്ഞു. നേരത്തെ കോണ്‍ഗ്രസിനെ പിന്തുണച്ച എന്‍എസ്എസ് തെരഞ്ഞെടുപ്പില്‍ കൈവിട്ടു. പകരം എല്‍ഡിഎഫിനും ബിജെപിക്കും എന്‍എസ്എസിന്റെ വോട്ട് പോയി. കോണ്‍ഗ്രസ് വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായെന്നും കത്തില്‍ പറയുന്നുണ്ട്. ഉമ്മന്‍ചാണ്ടിക്ക് എതിരെ രമേശ് ചെന്നിത്തല ഹൈക്കമാന്റിന് അയച്ച കത്ത് പുറത്തു വന്നതിന് പിന്നാലെയാണ് ഐ ഗ്രൂപ്പ് നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ സര്‍ക്കാരില്‍ കടുത്ത തിരുത്തല്‍ നടപടി വേണമെന്ന് ലാലി വിന്‍സെന്റ് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിലെ കത്ത് വിവാദം പാര്‍ട്ടിക്കും മുന്നണിക്കും ഒരുപോലെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

© 2025 Live Kerala News. All Rights Reserved.