ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം സംഘടിപ്പിച്ച ടൂറില്‍ പങ്കെടുത്ത വിദ്യാര്‍ഥിനികള്‍ക്കാണ് വിഘടനവാദ ഗ്രൂപ്പുകളുടെ ഭീഷണി. ഡല്‍ഹി,ആഗ്ര ഭാഗങ്ങളിലാണ് കുട്ടികള്‍ വിനോദയാത്ര നടത്തിയത്. 30 കശ്മീരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഓണ്‍ലൈനിലൂടെ ഭീഷണി വന്നിരിക്കുന്നത്. സൈന്യം സംഘടിപ്പിച്ച പത്തുദിവസത്തെ യാത്രക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിനികളെ അപമാനിച്ചുകൊണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ടും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌സൈറ്റുകളില്‍ പോസ്റ്റുകള്‍ തുടരെ തുടരെ വന്നുകൊണ്ടിരിക്കാന്‍ തുടങ്ങിയത്. യാത്രക്ക് പോയ പെണ്‍കുട്ടികളെ ആരും വിവാഹം ചെയ്യില്ലെന്നും വിദ്യാര്‍ത്ഥിനികളെ യാത്ര അയച്ചതിന്റെ പേരില്‍ ഇവരുടെ വീട്ടുകാരും വിമര്‍ശിക്കപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള പോസ്റ്റുകളാണ് പ്രചരിക്കുന്നത്. കശ്മീരിലെ വിഘടനവാദ ഗ്രൂപ്പായ ദുഖ്താരാന്‍ ഇ മില്ലതും പെണ്‍കുട്ടികളെ വിമര്‍ശിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ പ്രചരിക്കുന്ന പോസ്റ്റുകളില്‍ ആശങ്കപ്പെടുന്നില്ലെന്നും യാത്ര മനോഹരമായിരുന്നെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ഇന്ത്യയിലെ ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിച്ചഇവര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പരാമര്‍ശങ്ങളില്‍ പലതും വളരെ നിലവാരം കുറഞ്ഞതാണെന്നും അതേ കുറിച്ച് പരാമര്‍ശം നടത്താന്‍ തയ്യാറല്ലെന്നും അറിയിച്ച ലെഫ്‌നന്റ് ജനറല്‍ സതീഷ് ദുവ ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടത് തദ്ദേശ ഭരണസ്ഥാപനങ്ങളാണെന്നും പറഞ്ഞു. ഇത്തരത്തില്‍ പെണ്‍കുട്ടികളെ അപമാനിക്കാന്‍ വിടണോയെന്നും അവര്‍ ഇത്തരം ആഘാതങ്ങള്‍ സഹിക്കേണ്ടതുണ്ടോ എന്നു ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ഓപ്പറേഷന്‍ സദ്ഭാവന പ്രകാരം സൈന്യം കശ്മീരിലെ വിദ്യാര്‍ത്ഥികളേയും പൊതുജനങ്ങളേയും ഇന്ത്യയിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കൊണ്ടുപോകാറുണ്ട്. പതിനഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് പെണ്‍കുട്ടികളെ ഇവര്‍ യാത്ര കൊണ്ടുപോകുന്നത്. ഇതാണ് വിഘടനവാദികളെ ചൊടിപ്പിച്ചത്.