കൊച്ചി: രാഹുല്‍ പശുപാലനും ഭാര്യ രശ്മി ആര്‍ നായരും ഉള്‍പ്പെടെ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിന് ഉന്നതങ്ങളില്‍ വന്‍ സ്വാധീനം. സംഘത്തിലെ പ്രധാനികളായ
ജോയിസ് ജോഷിയും സംഘവുമാണ് ഒന്നരവര്‍ഷത്തിനിടെ കെണിയില്‍പ്പെടുത്തി ബഹ്‌റൈനിലേയ്ക്ക് 63 യുവതികളെ ലൈംഗികവ്യാപാരത്തിന് കടത്തിയത്. ഇതിലധികംപേരും മലയാളികളാണെന്നാണ് സൂചന. നെടുമ്പാശ്ശേരിയടക്കം നാല് വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മനുഷ്യക്കടത്ത് നടന്നിരുന്നതെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
നെടുമ്പാശ്ശേരി , മധുര , ചെന്നൈ, മുംബൈ തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴിയായിരുന്നു ചവിട്ടിക്കയറ്റ് നടത്ത്. ശൃംഖലയ്ക്ക് ഒത്താശ ചെയ്ത് നല്‍കിയിരുന്ന വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി സമയം ഉറപ്പാക്കിയായിരുന്നു മനുഷ്യക്കടത്ത്. 2014 മുതല്‍ 2015 സെപ്റ്റംബര്‍ 24 വരെ വിദേശത്ത് ജോലി വാങ്ങിത്തരാമെന്ന വ്യാജേന സംഘം ബഹ്‌റൈനിലേക്ക് കടത്തിയ 63പേരുടെ വിവരങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇവരെയൊക്കെ ലൈംഗികമായി ഇപ്പോഴും ചൂഷണം ചെയ്തുവരുന്നതായാണ് വിവരം. അറബികള്‍ക്കുള്‍പ്പെടെ പലരെയും വില്‍പ്പന നടത്തുകയും ചെയ്തു. യുവതികളെ ബഹ്‌റൈനില്‍ ലൈംഗിക വ്യാപാരത്തിന് ഉപയോഗിക്കുന്ന ആലുവ സ്വദേശി മുജീബിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. അടുത്തദിവസംതന്നെ ഇയാളും പൊലീസ് വലയിലാകും. ഡിജിപി ടി പി സെന്‍കുമാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് മനുഷ്യക്കടത്ത് ഇടപാടുകളുടെ അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്നത്. രാഹുല്‍പശുപാലനെയും രശ്മിയെയും ബാംഗ്ലൂരില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.