ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടെന്ന് വെള്ളാപ്പള്ളി; ദു:ഖമുണ്ടെന്ന് ഉമ്മന്‍ചാണ്ടി; വെള്ളാപ്പള്ളിയുടെ അഹങ്കാരം അതിര് കടന്നപ്പോള്‍..

തിരുവനന്തപുരം: മുന്‍ കേരള മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ നിലപാട് അതീവ ദു:ഖകരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രി തീരുമാനിച്ചു. പരിപാടിയുടെ സംഘാടകനായ വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടതിനാലാണ് താന്‍ പിന്മാറുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുക്കുന്നത് ചില കേന്ദ്രങ്ങളില്‍ എതിര്‍പ്പുണ്ടാക്കുമെന്ന് വെള്ളാപ്പള്ളി അറിയിച്ചതിനാലാണ് താന്‍ പിന്മാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രോട്ടോകോള്‍ പ്രകാരം പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കണമെന്നിരിക്കെ വെള്ളാപ്പള്ളിയുടെ നിലപാട് വലിയ വിവാദത്തിന് തിരികൊളുത്തും. പരിപാടിയില്‍ നിന്ന് ഒഴിഞ്ഞ് നിന്ന് സഹായിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചു. സംഘാടകര്‍ തന്നെ ആവശ്യപ്പെട്ട നിലയില്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ തനിക്ക് ദുഖമുണ്ട്. അതേസമയം വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.