ബൈറൂട്ട്: കുര്‍ദിഷ് സൈന്യത്തിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള ഹസാക്കയിലെ വടക്ക് കിഴക്കന്‍ മേഖലയില്‍ ഐഎസ് ഭീകരരുടെ ട്രക്ക് ബോംബ് ആക്രണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് മോട്ടോര്‍ വാഹനങ്ങളിലെത്തിയാണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. 80ല്‍ അധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണം സംബന്ധിച്ച് ഐഎസ് ഓണ്‍ലൈനായി പ്രസ്താവനയിറക്കി. ആശുപത്രിക്ക് സമീപവും ഹസാക്കയിലെ മാര്‍ക്കറ്റിനടുത്തും റസിഡന്‍ഷ്യല്‍ മേഖലയിലുമാണ് ആക്രമണം നടന്നത്. സംഭവം കുര്‍ദ്ദിഷ് സേന സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരെല്ലും സിറിയന്‍ പൗരന്‍മാരാണ്. കുര്‍ദിഷ് വൈപിജി സഖ്യമാണ് മേഖല നിയന്ത്രിക്കുന്നത്. ഐഎസിനെതിരെ യുഎസ് നയിക്കുന്ന വ്യോമാക്രമണത്തെ സിറിയയില്‍ സഹായിക്കുന്നത് കുര്‍ദ്ദിഷ് വൈപിജി സഖ്യസേനയാണ്. ഹസാക്കയില്‍ നിന്ന് ഐഎസിനെ തുരത്തുന്നതില്‍ കഴിഞ്ഞ ആഴ്ചകളില്‍ കുര്‍ദ്ദിഷ് സേന വിജയിച്ചിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് ആക്രമണം വിലയിരുത്തപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തില്‍ നിന്ന് പിന്നോട്ടുപോകില്ലെന്ന് കുര്‍ദ്ദിഷ് വൃത്തങ്ങള്‍ അറിയിച്ചു.