സീരിയലിലെ പ്രമേയം വളരെ അപകടം, സെന്‍സര്‍ അനിവാര്യം; കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജസ്റ്റിസ് കമാല്‍പാഷ

കൊച്ചി: ടെലിവിഷന്‍ സീരിയലുകളിലെ പ്രമേയം ഏറെ അപകടകരമായ വഴികളിലൂടെ പോകുന്നതെന്നതിനാല്‍ സെന്‍സര്‍ അനിവാര്യമാണെന്ന്
ജസ്റ്റിസ് ബി. കമാല്‍ പാഷ അഭിപ്രായപ്പെട്ടു. കോടതി റിപ്പോര്‍ട്ടിംഗിനെക്കുറിച്ച് എറണാകുളം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ ഭര്‍ത്താവിനെ ചതിക്കുന്നു, ഭര്‍ത്താവ് ഭാര്യയെ ചതിക്കുന്നു, ഒളിച്ചോട്ടം, അബോര്‍ഷന്‍ എന്നിവയൊക്കെയാണ് ഇപ്പോള്‍ സീരിയലുകളിലെ പ്രമേയങ്ങള്‍. പഴയ പൈങ്കിളി സാഹിത്യത്തിന്റെ ഒന്നുകൂടി കടന്ന രൂപമാണ് ഇത്. അദ്ദേഹം പറഞ്ഞു. ഒരു വലിയ കലാകാരന്‍ തന്നോട് പരാതി പറഞ്ഞതുകൊണ്ടാണ് താന്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നതെന്നും ജസ്റ്റിസ് വ്യക്തമാക്കി. ഇപ്പോള്‍ സീരിയലുകള്‍ ഒരുപാട് ക്രൂരതകളാണ് കാണിക്കുന്നത്. ഭീകരസംഘടനകളെക്കുറിച്ചും ഏതോ ഭീകരനെ രക്ഷപ്പെടുത്താന്‍ കഴുത്തില്‍ കത്തിവെച്ചുകൊണ്ടിരിക്കുന്നതുമാണ് കുട്ടികളേയും സ്ത്രീകളേയും കാണിക്കുന്നത്. മാസങ്ങളോളമാണ് ഇത് കാണിക്കുന്നത്. നിര്‍ബന്ധമായും ചാനലുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. അദ്ദേഹം ഓര്‍മിപ്പിച്ചു.
കോടതി റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ കാര്യമായ ശ്രദ്ധവേണം. കോടതി രേഖയില്‍ വരുന്ന കാര്യങ്ങള്‍ മാത്രമെ റിപ്പോര്‍ട്ട് ചെയ്യാവു. ഓപ്പണ്‍ കോര്‍ട്ടിലെ കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ തെറ്റില്ല. കോടതിയില്‍ എന്ത് നടക്കുന്നുവെന്ന് ജനങ്ങള്‍ അറിയണം. എന്നാല്‍ ആരേയും അവഹേളിക്കാതിരിക്കാനും ആക്ഷേപിക്കാതിരിക്കാനും മാധ്യമങ്ങള്‍ ശ്രദ്ധിക്കണം. ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ അതിന്റെ അന്ത:സത്ത മനസിലാക്കി വേണം റിപ്പോര്‍ട്ട് ചെയ്യാന്‍. ലൈവ് റിപ്പോര്‍ട്ടിംഗില്‍ ചാനലുകള്‍ വളരെ ശ്രദ്ധിക്കണം. മുംബൈ താജ് അക്രമണവേളയില്‍ ലൈവ് റിപ്പോര്‍ട്ടിംഗിന്റെ ദൂഷ്യഫലം നാം മനസിലാക്കിയതാണ്. ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
സുപ്രധാനമായ നിരവധി കേസുകളില്‍ നിര്‍ണ്ണായകമായ വിധി പ്രസ്താവിച്ചതിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് കമാല്‍പാഷ. അവസാനമായി കെ എം മാണിയുടെ രാജിയിലേക്ക് കലാശിച്ചതും കമാല്‍പാഷയുടെ ബഞ്ചിന്റെ പരാമര്‍ശത്തെത്തുടര്‍ന്നാണ.്‌

© 2025 Live Kerala News. All Rights Reserved.