തോമസ് ഐസക് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവണമെന്ന ആവശ്യവുമായി വീണ്ടും എം പി പരമേശ്വരന്‍; സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയ നിലപാടില്‍ മാറ്റമില്ല

തൃശ്ശൂര്‍: ഏപ്രിലില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഡോ. ടി.എം. ഐസക് തോമസ് തന്നെയാണെന്ന അഭിപ്രായുമായി വീണ്ടു ഇടുപക്ഷ സൈദ്ധാന്തികന്‍ ഡോ. എം.പി. പരമേശ്വരന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തെ തുടര്‍ന്ന് പരമേശ്വരന് പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ‘വി.എസ്. അച്യുതാനന്ദനു പ്രായമായി. പിണറായി വിജയനു ജനങ്ങളോടു വൈകാരികമായി അടുപ്പമില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്.’ പാര്‍ട്ടിയില്‍നിന്നു നേരത്തേ പുറത്താക്കപ്പെട്ട തനിക്ക് വിലക്കേര്‍പ്പെടുത്തുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, പരമേശ്വരന്റെ വാദങ്ങളോട് ഐസക് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിയോജിപ്പ് അറിയിച്ചു. പാര്‍ട്ടി അംഗങ്ങളോ അനുഭാവികളോ ഇതു ചര്‍ച്ചയാക്കരുതെന്നും ഐസക് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ നവമാധ്യമങ്ങളില്‍ പരമേശ്വരന്റെ അഭിപ്രായം ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പരമേശ്വരന്റെ അഭിപ്രായത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ച് എഴുത്തുകാരന്‍ അശോകന്‍ ചെരുവിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ചര്‍ച്ചാവിഷയമായിരുന്നു.

അഭിമുഖം വിവാദമായതിനെ തുടര്‍ന്ന് യുട്യൂബിലൂടെ വിശദീകരണവുമായി പരമേശ്വരന്‍ രംഗത്തെത്തി. ഇതില്‍ വി.എസിനും പിണറായിക്കുമെതിരെ പറഞ്ഞ കാര്യങ്ങളില്‍ അദ്ദേഹം മയം വരുത്തിയിരുന്നു. പാര്‍ട്ടി വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വന്നതോടെയാണ് മുന്‍ അഭിപ്രായങ്ങളില്‍ ഉറച്ചുനിന്നു കൊണ്ടുള്ള പരമേശ്വരന്റെ പ്രതികരണം. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികനേതൃത്വം വെട്ടിലായിരിക്കുകയാണ്. ആരൊക്കെ സ്ഥാനാര്‍ഥിയാകണമെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് പിണറായിയും കോടിയേരിയും വ്യക്തമാക്കിയിരുന്നു.

© 2025 Live Kerala News. All Rights Reserved.