ലാത്തിച്ചാര്‍ജ്ജിനിടെ കാണാതായ ആള്‍ കിണറ്റില്‍ മരിച്ച നിലയില്‍; മലപ്പുറത്ത് സംഘര്‍ഷം; ടാര്‍ മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കാനുള്ള സാമഗ്രികളുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്

മലപ്പുറം:കഴിഞ്ഞ ദിവസം രാത്രി ബേക്കലണ്ടിയില്‍ ക്വാറിയില്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കാനുള്ള സാമഗ്രികളുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിനിടെ ലാത്തിച്ചാര്‍ജ്ജിനിടെ കാണാതായ നെല്ലാണി പാണരുകുന്ന് അയ്യപ്പനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.എടവണ്ണപ്പാറ പത്തിപ്പിരിയത്ത് ആണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ മൂന്നു ലോറികള്‍ കത്തി നശിച്ചിരുന്നു. ഈ സംഭവത്തിനിടെ അയ്യപ്പനെ കാണാതാവുകയായിരുന്നുവെന്നാണ് സൂചന. അയ്യപ്പന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റണമെങ്കില്‍ ജില്ലാ കളക്ടര്‍ എത്തണമെന്ന്് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസത്തെ സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമരക്കാക്കെതിരെയുളള പോലിസ് നടപടിയില്‍ പ്രതിഷേധിച്ച സി പി എം എടവണ്ണ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട ആറുവരെയാണ് ഹര്‍ത്താല്‍. പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.