തിരുവനന്തപുരം: കിളിരൂര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ കാണാന്‍ പോയ വിഐപി ആരെന്നാദ്യം പറഞ്ഞാല്‍ താന്‍ സരിതയുമായി ലൈംഗിക ബന്ധമുണ്ടായോന്ന് കഥയിറക്കിയതിന് പിന്നിലെ ഗൂഢാലോചനക്കാരെക്കുറിച്ച് പറയാമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ക്കുമേല്‍ ഇന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണും ഏറ്റുമുട്ടി.
ബിജുരാധാകൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയവര്‍ ആരാണെന്ന് അറിയാമെന്നും അത് പക്ഷേ പ്രതിപക്ഷമല്ലെന്നും ഇന്നലെ ഷിബു ബേബി ജോണ്‍ സഭയില്‍ പറഞ്ഞിരുന്നു. ഇന്ന് ഷിബുവിന്റെ പ്രസ്താവനയില്‍ സബ്മിഷന്‍ ഉന്നയിച്ച് സംസാരിച്ച വി.എസ്.അച്യുതാനന്ദന്‍ സഭയോട് ഇത്തിരിയെങ്കിലും ആദരവുണ്ടെങ്കില്‍ ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് ഷിബു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.
കിളിരൂര്‍ കേസിലെ വിഐപി ആരാണെന്ന് പറയാന്‍ വി.എസ് തയ്യാറായാല്‍, ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്ന് താനും വെളിപ്പെടുത്താം എന്ന് സബ്മിഷന് ഷിബു മറുപടി നല്‍കി. ഷിബുവിന്റെ മറുപടിയില്‍ പ്രകോപിതരായ പ്രതിപക്ഷം മന്ത്രിക്ക് നേരെ തിരിയുകയും ഇതോടെ സഭ ബഹളത്തില്‍ മുങ്ങുകയും ചെയ്തു. മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് മുന്‍മന്ത്രി കെ.എം.മാണി രാവിലെ പ്രസ്താവന നടത്താന്‍ തുനിഞ്ഞതും സഭയില്‍ ബഹളത്തിനിടയാക്കിയിരുന്നു. രാജിവച്ച മുന്‍മന്ത്രിക്ക് നിയമസഭ ചേരുമ്പോള്‍ പ്രസ്താവന നടത്താന്‍ അവകാശമില്ലെന്ന് സിപിഐ കക്ഷിനേതാവ് സി.ദിവാകരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നിയമസഭാ ചട്ടം 64 പ്രകാരം സ്പീക്കറുടെ അനുമതിയോടെ പ്രസ്താവന നടത്താമെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. ഇതിന് ശേഷമാണ വിഎസും ഷിബുവും കൊമ്പ് കോര്‍ത്തത്.