അരവിന്ദ് കെജ്രിവാന്റെ തീരുമാനം ശരിയോ തെറ്റോ? ഡല്‍ഹി എംഎല്‍എമാരുടെ ശമ്പളം നാലിരട്ടിയായി വര്‍ധിപ്പിച്ചു; അടിസ്ഥാന ശമ്പളം 50,000

ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ ആദര്‍ശങ്ങളോട് പൊതുവെ ജനങ്ങള്‍ക്ക് മതിപ്പാണ്. അഴിമതിവിരുദ്ധനിലപാടും സത്യസന്ധമായ വഴികളിലൂടെയുള്ള സഞ്ചാരവുമാണ് കെജ്രിവാളിനെ വ്യത്യസ്ഥനാക്കുന്നത്. എന്നാല്‍ അദേഹത്തിന്റെ പുതിയ പരിഷ്‌കാരം അംഗീകരിക്കാനാവുമൊയെന്ന ചോദ്യം അവശേഷിക്കുന്നു.
നിയമസഭാംഗങ്ങളുടെ വേതനം നാലിരട്ടിയാക്കിയാണിപ്പോള്‍ കെജ്രിവാള്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ശുപാര്‍ശയ്ക്ക് ഡല്‍ഹി നിയമസഭ അംഗീകാരം നല്‍കി. ഇതോടെ വിവിധ ആനുകൂല്യങ്ങളടക്കം 3.2 ലക്ഷം രൂപ ശമ്പളമായി ലഭിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ വേതനം ലഭിക്കുന്നത് ഇതോടെ ഡല്‍ഹിയിലെ എം.എല്‍.എ.മാര്‍ക്കായിരിക്കും. അടിസ്ഥാനശമ്പളം 12,000 രൂപയില്‍നിന്ന് 50,000 രൂപയായി വര്‍ധിക്കും. എം.എല്‍.എ.മാരില്‍ അഴിമതിയില്ലാതാക്കുക എന്ന ലക്ഷ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് ശമ്പള വര്‍ധനയെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. കൂടുതല്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ.മാരുള്ള സഭയില്‍ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വന്‍വിമര്‍ശമുണ്ടായിരുന്നു. വീട്, ഓഫീസ് എന്നിവയുടെ നടത്തിപ്പിനാവശ്യമായ വരുമാനം എം.എല്‍.എ.മാര്‍ക്കില്ലെന്നാണ് പാര്‍ട്ടിനേതാക്കളുടെ അഭിപ്രായം. അഴിമതിരഹിത ഭരണം ഉറപ്പാക്കുന്നതില്‍ ശമ്പളവര്‍ധന നിര്‍ണായകമാണെന്ന് അല്‍ക്ക ലാംബ എം.എല്‍.എ. പറഞ്ഞു. 2011ല്‍ ആണ് ഇതിന് മുമ്പ് ശമ്പളം വര്‍ധിപ്പിച്ചത്. നൂറുശതമാനം വര്‍ധനയാണ് അന്ന് ഷീലാ ദീക്ഷിത് സര്‍ക്കാര്‍ വരുത്തിയത്. ഇതുകൊണ്ട് അഴിമതി ഇല്ലാതാക്കാനാകുമെങ്കില്‍ ഗുണകരം തന്നെ. പക്ഷേ അത് എത്രത്തോളം ഫലപ്രദമാകുമെന്ന് കണ്ടറിയുകതന്നെ വേണം.

© 2025 Live Kerala News. All Rights Reserved.