ചെന്നൈ: കനത്തമഴയില്‍ ചെന്നൈ നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയിലേക്ക് പോകുന്നു. ഇതുവരെ 15,000 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോഡി മുഖ്യമന്ത്രി ജെ.ജയലളിതയുമായി ഫോണില്‍ സംസാരിച്ചു. ഈ നൂറ്റാണ്ടിന്റെ ഏറ്റവും വലിയ പ്രളയത്തെ അതിജീവിക്കാന്‍ ചെന്നൈയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാനേ നമുക്ക് കഴിയു. ചെന്നൈ നഗരം ഏറെക്കുറെ പ്രളയത്തിലകപ്പെട്ടുകഴിഞ്ഞു. ജനജീവിതം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചു. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അപകടസാധ്യത കണക്കിലെടുത്ത് മിക്കയിടത്തും വൈദ്യുതിബന്ധം വിച്ഛേദിച്ചു. മൊബൈല്‍ ഫോണുകള്‍ പ്രവര്‍ത്തനരഹിതമായി. സഹായം തേടി ആയിരക്കണക്കിന് വിളികള്‍ പ്രവഹിക്കുന്നതിനാല്‍ ഹെല്‍പ്പ് ലൈനുകളില്‍ പലതും പ്രതിസന്ധിയിലാണ്. രണ്ടാഴ്ചയായി തുടരുന്ന മഴയില്‍ മരണം 197 ആയി. ഇന്നലെയും മഴയ്ക്ക് കുറവുണ്ടായില്ല. ഒരാഴ്ചകൂടി ചെന്നൈയിലും തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മാറ്റമില്ലാതെ തുടരുന്നതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും അവര്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രാജാലി നേവല്‍ ബേസില്‍ താല്‍ക്കാലിക വിമാനത്താവളം ചെന്നൈ വിമാനത്താവളം അടച്ചിട്ട പശ്ചാത്തലത്തില്‍ ആരക്കോണത്തെ രാജാലി നേവല്‍ എയര്‍ സ്‌റ്റേഷന്‍ താല്‍ക്കാലിക വിമാനത്താവളമായി പ്രവര്‍ത്തനം തുടങ്ങി. ബുധനാഴ്ച വൈകിട്ട് ഹൈദരാബാദില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എയര്‍ ബസ് 320 ഇവിടെ പരീക്ഷണാര്‍ത്ഥം ഇറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ചെന്നൈ വിമാനത്താവളം ഒറ്റപ്പെട്ട നിലയിലാണ്. 700 യാത്രക്കാര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. അഡയാര്‍ നദി കരകവിഞ്ഞൊഴുകുന്നതാണ് വിമാനത്താവളവും അങ്ങോട്ടുള്ള റോഡുകളും വെള്ളത്തിനടിയിലാകാന്‍ കാരണം.
നഗരത്തില്‍ പലയിടത്തും കുടിവെള്ളംപോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. മഴ തുടരുന്നത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ഫ്‌ളറ്റുകളിലുംമറ്റും മഴവെള്ളം ശേഖരിച്ച് തിളപ്പിച്ചാണ് ആളുകള്‍ കുടിക്കുന്നത്. ബസ്സുകള്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയതോടെ യാത്രക്കാരില്‍ ചിലര്‍ക്ക് രാത്രിമുഴുവന്‍ ബസ്സില്‍ കഴിയേണ്ടിവന്നു.
സാധാരണഗതിയില്‍ കാലവര്‍ഷം കനക്കുമ്പോള്‍ ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളാണ് വെള്ളത്തിനടിയിലാവുന്നതെങ്കില്‍ ഇക്കുറി നഗരം മൊത്തം വെള്ളത്തിലാണ്. പ്രധാനപ്പെട്ട ജലസംഭരണികളും തടാകങ്ങളുമെല്ലാം നിറഞ്ഞുകവിഞ്ഞതിനാല്‍ വെള്ളമത്രയും ജനവാസസ്ഥലങ്ങളിലേക്കെത്തുന്നതാണ് പ്രളയത്തിനു കാരണം.
രക്ഷാപ്രവര്‍ത്തനം സോഷ്യല്‍ മീഡിയയിലൂടെയും ചെന്നൈ നഗരത്തെ ദുരിതത്തിലാഴ്ത്തിയപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് സാമൂഹികമാധ്യമങ്ങള്‍. ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമാണ് പ്രധാനമായും നഗരത്തിനെ പിന്തുണച്ച് കുറിപ്പുകള്‍ വന്നത്. ദേശീയമാധ്യമങ്ങളടക്കം ഈ ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്തവ ഷെയര്‍ ചെയ്തു.
വെള്ളം കയറി ഒറ്റപ്പെട്ടെന്ന് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചിട്ടത് സുഹൃത്തുക്കളും അവരുടെ ചങ്ങാതിമാരും ഷെയര്‍ ചെയ്തു. ഫോണ്‍വഴി ബന്ധപ്പെടാന്‍ കഴിയുന്നവരെ സന്നദ്ധപ്രവര്‍ത്തകര്‍ വിളിച്ചു. വൈദ്യുതിബന്ധമില്ലാത്തതിനാല്‍ മൊബൈല്‍ഫോണ്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ നിശ്ചലമായത് വെല്ലുവിളിയായി. കൃത്യമായ വിലാസം കൊടുത്തവരെ സഹായിക്കാന്‍ ആളുകളെത്തി.
ആളുകളെ സ്വാഗതം ചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചിട്ടവരും കുറവല്ല. വളര്‍ത്തുമൃഗങ്ങളെയടക്കം സ്വീകരിക്കപ്പെടുമെന്നും പലരുമെഴുതി. ചില ബേക്കറികള്‍ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് ആളുകളെ ക്ഷണിച്ചു. ചൂടുചായയും പലഹാരങ്ങളും സൗജന്യമായി നല്‍കുമെന്ന് അവര്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. തിയേറ്ററുകളും സര്‍വകലാശാലകളും ജനങ്ങള്‍ക്ക് തങ്ങാനായി തുറന്നതും സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചു. തമിഴ് നടന്‍ സിദ്ധാര്‍ഥും ഇതിലൂടെ ആരാധകരെ അറിയിച്ചാണ് ഭക്ഷണവിതരണത്തിന് നേതൃത്വം നല്‍കിയത്. നിരവധി താരങ്ങളാണ് സഹായത്തിന് ആഹ്വാനം ചെയ്തത്. ഡല്‍ഹിയില്‍ താമസമാക്കിയ സൗമ്യറാവു വിവരങ്ങള്‍ ചേര്‍ത്തൊരു ഗൂഗിള്‍ ഡോക് ഷീറ്റ് ആരംഭിച്ചു. ഇവയിലെല്ലാം ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ളവര്‍ വിവരങ്ങള്‍ ചേര്‍ത്തു. ഭക്ഷണം നല്‍കുന്നവരുടെയും ഡോക്ടര്‍മാരുടെയും വിവരങ്ങളും താത്കാലിക താമസസ്ഥലങ്ങളുമാണ് ഇവയില്‍ ഉള്‍ക്കൊള്ളിച്ചത്.
ചെന്നൈയില്‍നിന്ന് കേരളത്തിലേക്കുള്ള ഭൂരിഭാഗം തീവണ്ടികളും റദ്ദാക്കി. ചെന്നൈആലപ്പുഴ എക്‌സ്പ്രസ്, ചെന്നൈതിരുവനന്തപുരം മെയില്‍, ചൈന്നെതിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈമംഗളൂരു സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്, ചെന്നൈകൊല്ലം എക്‌സ്പ്രസ്, ആലപ്പുഴധന്‍ബാദ് എക്‌സ്പ്രസ്, തിരുവനന്തപുരം ഗോരഖ്പുര്‍ എക്‌സ്പ്രസ്, ബറൗണിഎറണാകുളം എക്‌സ്പ്രസ് എന്നീ വണ്ടികളാണ് റദ്ദാക്കിയത്. പുറത്തിറങ്ങാതെ പത്രങ്ങള്‍
നഗരത്തില്‍നിന്നു പ്രസിദ്ധീകരിക്കുന്ന മിക്കവാറും പത്രങ്ങള്‍ ബുധനാഴ്ച പുറത്തിറങ്ങിയില്ല. ചിലത് പത്രങ്ങള്‍ അച്ചടിച്ചെങ്കിലും വിതരണം ചെയ്യാനായില്ല. 1878 മുതല്‍ ചെന്നൈയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ഹിന്ദു പത്രവും ചരിത്രത്തിലാദ്യമായി ബുധനാഴ്ച ഇറങ്ങിയില്ല.കണ്‍ട്രോള്‍റൂം തുറന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കുടുങ്ങിയ കേരളീയരുടെ വിവരങ്ങള്‍ അറിയാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
നോര്‍ക്ക ഹെല്‍പ്പ്‌ലൈന്‍ ഡസ്‌ക്: 18004253939 (ടോള്‍ഫ്രീ), 0471 2770522. ചെന്നൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകളെത്തുന്നുണ്ട്. മഴ ഈ അവസ്ഥയില്‍ ഒരാഴ്ച്ച തുടര്‍ന്നാല്‍ വലിയ നാശത്തിലേക്കാവും കാര്യങ്ങള്‍ പോകുക.