സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ കൂടുതല്‍ പങ്ക് പുറത്തുവരുന്നു; മുഖ്യമന്ത്രിക്ക് അഞ്ചരകോടി നല്‍കിയതായി ബിജുരാധാകൃഷ്ണന്‍; ടീം സോളാറിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും ഉമ്മന്‍ചാണ്ടിക്ക് പങ്ക്

തിരുവനന്തപുരം: സോളാര്‍കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധത്തിന് പുറമെ ഉമ്മന്‍ചാണ്ടി നേരിട്ട് ഇടപെട്ടതിന്റെയും പണം വാങ്ങിച്ചതിന്റെയും തെളിവുകളാണ് പുറത്തുവരുന്നത്. സോളാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്ന ആരോപണവുമായാണ് ബിജു രാധാകൃഷ്ണന്‍ രംഗത്ത് വന്നിരിക്കുന്നത്. സോളാര്‍ കമ്മീഷനില്‍ നല്‍കിയ മൊഴിയിലാണ് ബിജു ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ടീം സോളാറുമായി ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് ബന്ധമുണ്ട്. ടീമിന്റെ ഭാഗമാണ് അദേഹവും. വളര്‍ച്ചയിലും, തളര്‍ച്ചയിലും മുഖ്യമന്ത്രിക്കും ഓഫിസിനും പങ്കുണ്ട്. തന്റെ ജീവനക്കാര്‍ക്ക് മൊഴി ഭീഷണിയാകുമെന്ന പേടിയുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും ഇടുക്കിയില്‍ കാറ്റാടിപ്പാടം സ്ഥാപിക്കുവാന്‍ 150 ഏക്കര്‍ സ്ഥലം നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ബിജു നല്‍കിയ മൊഴിയിലുണ്ട്. ടീം സോളാറിന്റെ ലാഭവിഹിതം 60-40 എന്ന രീതിയില്‍ വീതിച്ചെടുക്കാന്‍ ആയിരുന്നു ധാരണ. സലീംരാജ് ആവശ്യപ്പെട്ടതനുസരിച്ചാണ് പണം നല്‍കിയതെന്നും അഞ്ചുകോടി പത്തുലക്ഷം നേരിട്ടുനല്‍കിയെന്നും തുടര്‍ന്ന് ബാക്കിയുളള പണം ജിക്കു, ജോപ്പന്‍ എന്നിവരുടെ കൈവശം കൊടുക്കുകയായിരുന്നുവെന്നും ബിജു വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനും ടീം സോളാറിന്റെ ഭാഗമായിരുന്നുവെന്ന കാര്യവും ബിജു കമ്മീഷനില്‍ നല്‍കിയ മൊഴിയിലുണ്ട്. ഏറെ ഗൗരവതരമായ വെളിപ്പെടുത്തലാണ് ബിജുരാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയിട്ടുള്ളത്.

© 2025 Live Kerala News. All Rights Reserved.