സ്ത്രീകള്‍ക്ക് പ്രസവിക്കാനുള്ള കഴിവേയുള്ളു; ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് അനിസ്ലാമികം; സ്ത്രീവിരുദ്ധ പ്രസ്താവനയുമായി വീണ്ടും കാന്തപുരം മുസ്ല്യാര്‍

മലപ്പുറം: സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയുമായി സുന്നി എപി വിഭാഗം നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. സ്ത്രീകള്‍ക്ക് പ്രസവിച്ച് വീട്ടിലിരിക്കാനേ കഴിവുള്ളു. എസ്എസ്എഫ് ക്യാംപസ് പഠന ക്യാംപിലായിരുന്നു കാന്തപുരത്തിന്റെ വിവാദ പരാമര്‍ശം. ആണും പെണ്ണും ഒരുമിച്ചിരുന്ന് പഠിക്കണമെന്ന വാദം പ്രകൃതിവിരുദ്ധവും അനിസ്ലാമികവുമാണ്. ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണെന്ന് കാന്തപുരം പറഞ്ഞു. സ്ത്രീയും പുരുഷനും സമമമാണെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. സ്ത്രീയെക്കാള്‍ മനകരുത്ത് പുരുഷനാണന്ന് കാന്തപുരം പറഞ്ഞു. പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്ത്രീ വിറച്ച് പോകും. ചുംബനസമരം മനുഷ്യത്വ വിരുദ്ധമാണെന്ന് താന്‍ നേരത്തെ പറഞ്ഞതാണ്. നേതാക്കള്‍ പിടിക്കപ്പെട്ടതോടെ അത് തെളിഞ്ഞതായും കാന്തപുരം വ്യക്തമാക്കി. ആണും പെണ്ണും ഒരുമിച്ചിരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിനെയും സംസ്‌കാരത്തെയും നശിപ്പിക്കാനുളള ആസൂത്രിത ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയൂ. ലിംഗസമത്വം ഒരിക്കലും നടക്കാത്ത കാര്യമാണെന്നും കാന്തപുരം പറഞ്ഞു. മദ്രസകളില്‍ാതൊരു തരത്തിലുള്ള പീഢനങ്ങളും നടക്കുന്നില്ല. ആരോപിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും അദേഹം പറഞ്ഞു.

സ്ത്രീകള്‍ പുരുഷനെ അപേക്ഷിച്ച് കഴിവ് കുറഞ്ഞവരാണെന്നും സ്ത്രീകളെ പൊതുഭരണം ഏല്‍പ്പിച്ചാല്‍ നാട് തകരുമെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. സ്ത്രീകള്‍ കഴിവു കുറഞ്ഞവരാണെന്നുളളത് പ്രകൃതിപരമായി തന്നെ എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കുടുംബ പരിപാലനം, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ പുരുഷനില്ലാത്ത പല കഴിവുകളും സ്ത്രീകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും കാന്തപുരം നേരത്തെ പറഞ്ഞിരുന്നു. തികച്ചും യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്ന കാന്തപുരം മുമ്പും സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ പലതവണ നടത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.